1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2023

സ്വന്തം ലേഖകൻ: കരുവന്നൂർ ബാങ്കിൽ 35 ലക്ഷം നിക്ഷേപമുള്ള വ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അയർലൻഡിലെ മലയാളികളുടെ സഹായം വേണ്ടിവന്നു. നാട്ടിലെ സമ്പാദ്യമെല്ലാം കരുവന്നൂർ ബാങ്കിലിട്ട് ജോലിക്കായി വർഷങ്ങൾക്കുമുമ്പ് അയർലൻഡിലേക്ക് പോയ ഇരിങ്ങാലക്കുട സ്വദേശി വിൻസെന്റ് ചിറ്റിലപ്പിള്ളി(72)യാണ് അവിടെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം മരിച്ചത്. പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്നു.

തിരിച്ചുവന്ന് ഇരിങ്ങാലക്കുടയിൽ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കരുവന്നൂർ ബാങ്കിൽനിന്ന് പണം കിട്ടില്ലെന്ന് ഉറപ്പായതോടുകൂടി മടക്കം മുടങ്ങി. അയർലൻഡിലെത്തിയ ആദ്യകാല മലയാളികളിൽ ഒരാളാണ് വിൻസെന്റ്. എങ്കിലും വിശ്രമജീവിതം നാട്ടിൽ മതിയെന്ന് തീരുമാനിച്ചതിനാൽ അവിടെ വീട് വാങ്ങിയിരുന്നില്ല.

അയർലൻഡിലെ താമസസ്ഥലമായ ദ്രോഗഡയിലാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള 11 ലക്ഷത്തോളം രൂപ അവിടത്തെ മലയാളികളാണ് സ്വരൂപിച്ച് നൽകിയത്. മൃതദേഹം തിങ്കളാഴ്ച ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിലെ വീട്ടിലെത്തും.

രാജസ്ഥാനിലെ സ്വകാര്യ കമ്പനിയിലായിരുന്നു ആദ്യം വിൻസെന്റ് ജോലിചെയ്തിരുന്നത്. കൊല്ലം പത്തനാപുരം സ്വദേശിയായ ഭാര്യ താര രാജസ്ഥാനിൽ നഴ്‌സായിരുന്നു. 28 വർഷത്തോളം ഇവരും കുടുംബവും അവിടെ ജീവിച്ചു. 2002-ൽ വിരമിച്ചശേഷം നാട്ടിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു സമീപം സ്ഥിരതാമസമാക്കി.

ജീവിതസായാഹ്നത്തിൽ സമ്പാദ്യത്തിന്റെ പലിശകൊണ്ട് ജീവിക്കാമെന്നു തീരുമാനിച്ച വിൻസെന്റും ഭാര്യയും അതുവരെ സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. സിവിൽ സ്റ്റേഷനു സമീപം വിൻസെന്റ് ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പും നടത്തിയിരുന്നു.

2005-ൽ താര അയർലൻഡിലേക്കു പോയി. ദ്രോഗഡയിലെ ലൂർദ് ആശുപത്രിയിൽ നഴ്‌സായി ജോലി കിട്ടി. അധികം വൈകാതെ വിൻസെന്റും അയർലൻഡിലേക്കു മാറി. അവിടെനിന്നുള്ള സമ്പാദ്യവും കരുവന്നൂർ ബാങ്കിലേക്കുതന്നെയാണ് അയച്ചിരുന്നത്. കരുവന്നൂർ ബാങ്കിൽനിന്ന് ഏറെ നാളായി നിക്ഷേപത്തിന്റെ പലിശപോലും ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടുതവണ പക്ഷാഘാതം വന്ന വിൻസെന്റ് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.