1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2018

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ പിഡിപി, ബിജെപി സഖ്യം വേര്‍പിരിഞ്ഞു; മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ബിജെപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവര്‍ 36 ഉം.

ജമ്മു കശ്മീരില്‍നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിനുശേഷമാണു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഡല്‍ഹിയില്‍ എംഎല്‍എമാരുടെ യോഗം നടന്നത്. തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവാണ് രംഗത്തെത്തിയത്.

റമസാനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാര്‍ട്ടികള്‍ക്കിടയിലെ വിടവ് വര്‍ധിപ്പിച്ചു.

‘ബിജെപിക്ക് ഇനി പിഡിപിയുമായുള്ള ബന്ധം തുടരാനാകില്ല. ഭീകരവാദവും അക്രമവും മറ്റും വളരെയധികം വര്‍ധിച്ചിരിക്കുന്നു. പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ അപകടത്തിലാണ്. മാധ്യമപ്രവര്‍ത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം. ജമ്മു കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിര്‍ത്താനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനം. സംസ്ഥാനത്തിന്റെ ഭരണം ഗവര്‍ണര്‍ക്കു കൈമാറും,’ പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ച് റാം മാധവ് പറഞ്ഞു.

മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചതോടെ അരക്ഷിതാവസ്ഥയിലായ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു. പി.ഡി.പി ബി.ജെ.പി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി വെച്ചതോടെ ഗവര്‍ണര്‍ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ എന്‍.എന്‍.വോറ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി ഗവര്‍ണര്‍ ഭരണം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും അറിയിക്കുകയായിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.