1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2018

സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഷോപ്പിയാനിലും പുല്‍വാമയിലും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു.

ഇവരില്‍ സംഘടനയുടെ മുതിര്‍ന്ന തലവനും കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസറും ഉള്‍പ്പെടുന്നു. കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ടാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഷോപിയാനിലെ ബാഡിഗാം ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരരുടെ ആക്രമണത്തില്‍ ഒരു ജവാനും രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു.

ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണു സുരക്ഷാസേന ഗ്രാമത്തില്‍ തിരച്ചിലിന് എത്തിയത്. അതിനിടെ ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നയിടത്തേക്കു ഗ്രാമീണര്‍ എത്തിയത് പ്രശ്‌നം രൂക്ഷമാക്കി. മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു ഗ്രാമീണരും കൊല്ലപ്പെട്ടു. ഇന്റര്‍നെറ്റ് സേവനം ഉള്‍പ്പെടെ തെക്കന്‍ കശ്മീര്‍ ജില്ലകളില്‍ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. ചട്ടബല്‍ മേഖലയില്‍ മൂന്നു ഭീകരരെ കൊലപ്പെടുത്തി 24 മണിക്കൂര്‍ തികഞ്ഞതിനു പിന്നാലെയായിരുന്നു ഷോപിയാനിലെ ഏറ്റുമുട്ടല്‍.

കൊല്ലപ്പെട്ട ഭീകരരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡര്‍ സദ്ദാം പാഡറും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ട്, തൗസീഫ് ഷെയ്ഖ്, ആദില്‍ മാലിക്, ബിലാല്‍ എന്നിവരാണു കൊല്ലപ്പെട്ട ബാക്കി നാലു പേര്‍. എല്ലാവരും തെക്കന്‍ കശ്മീരില്‍ നിന്നുള്ളവരാണ്. കശ്മീര്‍ സര്‍വകലാശാലയിലെ അസി. പ്രൊഫസറായ മുഹമ്മദ് റാഫി ഭട്ടിനെ വെള്ളിയാഴ്ച വൈകീട്ട് മൂന്നര മുതല്‍ കാണാനില്ലായിരുന്നു. അന്നാണ് ഭട്ട് ഭീകരസംഘത്തിനൊപ്പം ചേര്‍ന്നതെന്നാണു വിവരം.

ഇതിനു പിന്നാലെ ശനിയാഴ്ച വൈകീട്ടോടെ ബാഡിഗാമില്‍ സുരക്ഷാസേന ഭീകര സംഘത്തെ വളയുകയായിരുന്നു. ഭട്ടിന്റെ കുടുംബാംഗങ്ങളെ സ്ഥലത്തെത്തിച്ച് അനുനയിപ്പിക്കാനുള്ള ശ്രമവും പൊലീസ് നടത്തിയെങ്കിലും വിജയിച്ചില്ല. ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പകല്‍ പൊലീസിനു കുടുംബം പരാതി നല്‍കിയിരുന്നു. സര്‍വകലാശാലയിലും ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധമുയര്‍ന്നു.

ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്കു ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതും സംഘര്‍ഷം രൂക്ഷമാക്കി. കല്ലേറിനിടെ ഒട്ടേറെ യുവാക്കള്‍ക്കു പരുക്കേറ്റു. ഇവരില്‍ അഞ്ചു പേരാണ് മരിച്ചത്. തിങ്കളാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് സര്‍വകലാശാല അടച്ചിടാനാണു തീരുമാനം. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.