1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: മധ്യ ഏഷ്യൻ രാജ്യമായ കസാഖ്സ്ഥാൻ വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പഴയ സോവിയറ്റ് രാജ്യത്ത് സ്വേച്ഛാധിപത്യ സർക്കാരിന് നേർക്ക് നടക്കുന്ന അപൂർവം പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. തലസ്ഥാനമായ അൽമാട്ടിയിലെ സിറ്റി ഹാൾ കത്തിയെരിയുന്നു, അതേ സമയം തന്നെ രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റ് നൂർസുൽത്താൻ നസർബയേവിയുടെ പ്രതിമ തകരുന്നു. — കലുഷിതമാണ് ഈ പഴയ സോവിയറ്റ് രാജ്യം.

കസാഖ്സ്ഥാനിൽ പ്രതിഷേധങ്ങൾ വളരെ വിരളമാണ്. അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കുകയും രാത്രി പൂജ്യം ഡിഗ്രിക്ക് താഴെ താപനില എത്തുകയും ചെയ്യുന്ന രാജ്യം വിധേയരുടെതാണ്. പുതുവത്സരങ്ങൾപോലും ഇവിടെ കാര്യമായി ആഘോഷിക്കാറില്ല – അൾ ജസീറ നിരീക്ഷിക്കുന്നു.

1991 ജനുവരിരണ്ടിന് സ്വതന്ത്രമായതിന് ശേഷം കസാഖ്സ്ഥാനിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങമാണ് ഈ പുതുവർഷത്തിൽ ഉണ്ടായത്. ഭൂരിപക്ഷം കസാഖ് പൗരന്മാരും കാറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽ.പി.ജി) വില ഇരട്ടിയാക്കുന്നതിനെതിരെയാണ് പ്രക്ഷോഭം തുടങ്ങിയത്. പടിഞ്ഞാറൻ പട്ടണമായ ഷനോസെനിൽ തുടങ്ങിയ പ്രതിഷേധം അധികം വൈകാതെ രാജ്യം മുഴുവൻ വ്യാപിച്ചു.

ഇന്ധനത്തിനുള്ള സബ്‌സിഡി നിർത്തലാക്കുന്നതിനും വിപണി വില നിശ്ചയിക്കാൻ എൽ.പി.ജിയുടെ ഇലക്ട്രോണിക് ട്രേഡിങ്ങിലേക്കുള്ള ക്രമാനുഗതമായ മാറ്റം അനുവദിച്ചതിനും പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്.

പ്രതിഷേധം തെരുവിലേക്ക് പടർ‌ന്നതിന് പിന്നാലെ ഇന്ധനവില കുറയ്ക്കുമെന്നും പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറുമെന്നും സർക്കാർ പ്രഖ്യാപിച്ചു. പക്ഷേ, ജനങ്ങൾ ശാന്തരായില്ല. ഇതിനിടയ്ക്ക് സർക്കാർ തന്നെ താഴെവീണു.

ഇന്ധനവില കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങൾ ജനങ്ങളെ തണുപ്പിക്കാത്തതിന് പിന്നിൽ ഒരേയൊരു കാരണമേയുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത് — രാജ്യത്തെ രൂക്ഷമായ സാമ്പത്തിക അസമത്വം. ജനാധിപത്യം ഇല്ലാത്ത കസാഖ്‍സ്ഥാനിൽ തെരുവിലിറങ്ങിയവരുടെ മുദ്രാവാക്യം തന്നെ പരിഷ്കരണമായിരുന്നു – വൃദ്ധന്മാർ (അധികാരത്തിൽ നിന്ന്) പോകണം. പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞു.

ജനങ്ങളുടെ മനസ്സിൽ വില്ലൻ 81 വയസ്സുകാരനായ മുൻ പ്രസിഡന്റ് നൂ‍ർസുൽത്താൻ നസ‍‌ർബയേവ് ആണ്. 2019ൽ നസർബയേവ് ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പക്ഷേ, സഖ്യകക്ഷി കാസിം ജോമാർത് തോകയെവിനെ അധികാരം ഏൽപ്പിച്ചു. സുരക്ഷാ കൗൺസിൽ തലവനായി നസർബയെവ് പിന്നാലെ സ്വയം അവരോധിച്ചു. ഇതോടെ അധികാരം തന്നിൽ തന്നെ തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു.

രാജ്യത്തെ എണ്ണ, പ്രകൃതി വാതകം ബിസിനസ്സുകളിൽ നസർബയേവിന്റെ മക്കൾക്കും മരുമകനും നിക്ഷേപമുണ്ട്. വിലവർധനയുടെ ആത്യന്തികമായ ഉപകാരം അവർക്ക് തന്നെയാണ് എന്നാണ് ജനങ്ങൾ തിരിച്ചറിയുന്നത്. സോവിയറ്റ് യൂണിയനിൽ നിന്നും വേർപെട്ട രാജ്യങ്ങളിൽ കസാഖ്സ്ഥാൻ വലിയ വളർച്ചയാണ് നേടിയത്. എണ്ണ, വാതകം, ചെമ്പ്, കൽക്കരി, യുറേനിയം എന്നിവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളാൽ സമ്പുഷ്ടമാണ് ഈ രാജ്യം. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ യു.എസ്, റഷ്യ രാജ്യങ്ങൾക്ക് വലിയ താൽപര്യവും കസാഖ്സ്ഥാനിലുണ്ട്.

1990കളിൽ നസർബയേവ് ഉയർത്തിയ പ്രധാന മുദ്രാവാക്യം “സമ്പദ് വ്യവസ്ഥ ആദ്യം“ എന്നതായിരുന്നു. പാർലമെന്റിൽ തന്റെ കാലുറപ്പിക്കാനായി അദ്ദേഹം തന്റെ രാഷ്ട്രീയ നിയന്ത്രണം കെട്ടിപ്പടുക്കുകയും സ്വകാര്യ സംരഭങ്ങളെ വികസിപ്പിക്കാൻ തന്ത്രങ്ങൾ മെനയുകയും ചെയ്തു.

“പിന്നീട് അദ്ദേഹം സമ്പദ്‌വ്യവസ്ഥ മേഖലയെ സെക്ടർ ആക്കി തിരിച്ച് ഏറ്റെടുക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കുടുംബം എപ്പോഴും എണ്ണ, വാതക വ്യവസായം, മറ്റ് പ്രകൃതി വിഭവങ്ങൾ എന്നിവയിലെല്ലാം തന്നെ അവരുടേതായ കൈകടത്തലുകൾ എപ്പോഴും നടത്തി കൊണ്ടിരുന്നു. എന്നാൽ താമസിയാതെ അവർ ബാങ്കിംഗ്, നിർമ്മാണ മേഖല, റീട്ടെയിൽ, ടെലികോം തുടങ്ങി മറ്റു വ്യവസായങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയും കാണേണ്ടി വന്നു.“– കസാഖ്സ്ഥാനിൽ നിന്നും പലാനം ചെയ്ത അവകാശപ്രവർത്തകൻ ജാർഡെമാലി അൽ ജസീറയോട് പറയുന്നു.

അതിനിടെ, സർക്കാർ വ്യക്തി സ്വാതന്ത്ര്യവും പൗരാവകാശങ്ങളും വെട്ടിക്കുറച്ചു. മാധ്യമപ്രവർത്തകരും രാഷ്ട്രീയ എതിരാളികളും ശബദ്മുയർത്താൻ തുടങ്ങിയപ്പോൾ ഭരണകൂടം അവരെയെല്ലാം നിശബ്ദരാക്കുകയോ ജയിലിൽ അടക്കുകയോ ചെയ്തു. അതെസമയം, സർക്കാർ വിമർശകർക്കെതിരെ അപകീർത്തിപരമായ പ്രചാരണങ്ങൾ അവർ നടത്തുകയും ഏകപക്ഷീയമായി തടങ്കലിൽ പാർപ്പിക്കാനും രാജ്യം വിട്ടവരെ പിന്തുടരാൻ ഇന്റർപോളിനെ ഉപയോഗിക്കുകയും ചെയ്തു.

മുൻ കാലങ്ങളിലും കസാഖ്സ്ഥാനിൽ പ്രതിഷേധങ്ങൾ ആളിപ്പടർന്നിട്ടുണ്ട്. പ്രത്യേകിച്ച് 2016ലും 2019ലും. ഇത്തവണ വിശകലന വിദഗ്ധരുടെ അഭിപ്രായ പ്രകാരം, പ്രത്യക്ഷത്തിൽ നേതാവില്ലാത്ത ഇത്തരം പ്രകടനങ്ങൾ നാസർബയേവിന്റെ ഭരണത്തെ താഴെയിറക്കുമെന്ന് തന്നെയാണ് കരുതുന്നത്.

“അഴിമതി, രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്ലാത്തതും, പൗരസ്വാതന്ത്ര്യം ഇല്ലാത്തതുമായ ഒരു രാജ്യത്ത് ദീർഘകാലമായി നിൽക്കുന്ന പരാതികളിൽ വൻ പ്രതിഷേധത്തിന് കാരണമായത് ഒരുപക്ഷേ ഈ ഇന്ധനവിലയുടെ വർധനവ് തന്നെയാണ്. അത് ഒരുപക്ഷേ അവർക്ക് ഉണർന്നു പ്രവർത്തിക്കാനുള്ള ഉത്തേജകമായി മാറിയിട്ടുണ്ട്. കൂടാതെ വരേണ്യവർഗം ആഢംബര ജീവിതത്തിലൂടെ മുന്നോട്ട് പോകുമ്പോൾ സാധാരണ ജനങ്ങളിപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ്.“– അൽമാട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർവീജിയൻ ഹെൽസിങ്കി കമ്മിറ്റിയുടെ പ്രാദേശിക പ്രതിനിധിയായ ഫോസ്സം പറഞ്ഞു.

“വർഷങ്ങളായി ഇത്തരം സംഭവ വികാസങ്ങൾക്കെതിരെ അവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി വന്നിരുന്നു. ജനസംഖ്യയുമായി വേണ്ടതുപോലെ ഇടപഴകുന്നതിലും ജനങ്ങളുടെ ന്യായമായ പരാതികൾ കേൾക്കുന്നതിലും അവ പരിഹരിക്കാനും ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിച്ചത് തന്നെയാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധിക്ക് കാരണം.“

“നേരെമറിച്ച്, ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തേയും സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യത്തേയും അടിച്ചമർത്തുകയും വിയോജിപ്പുകളെ എതിർക്കുകയും ചെയ്യുന്നു. ഇത് രാജ്യത്താകമാനം ഒരുതരത്തിൽ പ്രഷർ കുക്കറിന്റെ സാഹചര്യത്തിലേക്കാണ് കൊണ്ട് ചെന്നെത്തിച്ചത്.“

നിലവിലെ ഈ വ്യവസ്ഥിതി മാറ്റാമെന്നും സെക്യൂരിറ്റി കൗൺസിലിന്റെ തലപ്പത്ത് നിന്നും നാസർബയേവ് സ്ഥാനമൊഴിയുമെന്നും പ്രസിഡന്റ് ടോകയേവ് പ്രഖ്യാപിച്ചപ്പോൾ, പ്രതിഷേധക്കാരെ തൃപ്തരാക്കുമെന്നാണ് കുറച്ച് പേരെങ്കിലും വിശ്വസിക്കുന്നത്.

അൽമാട്ടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇതിനോടകം തന്നെ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്. കസാഖ് നഗരങ്ങളിലുടനീളം ഇന്റർനെറ്റ് കണക്ഷൻ നിർത്തലാക്കിയിരുന്നു. ഇത് ഭൂമിയിലെ സംഭവ വികാസങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ജനങ്ങളുടെ അവകാശങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുക.

ഇങ്ങനെ ആണെങ്കിലും പ്രതിഷേധക്കാർ പൊതു കെട്ടിടങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയപ്പോൾ പോലീസ് പ്രതിഷേധക്കാരെ അടിച്ചമർത്താനായി കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ 190 പരിക്കേൽക്കുകയും ചെയ്തു.

സാമ്പത്തികമായി പ്രചോദനമുൾക്കൊണ്ട് ഗൂഢാലോചന നടത്തിയവരെ പ്രതിഷേധം ആളിപ്പടർത്തിയതിന് ടോകയേവ് കുറ്റപ്പെടുത്തുകയാണുണ്ടായത്. “രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രകോപനങ്ങൾക്ക് വഴങ്ങരുത്,“ എന്നാണ് ടോകയേവ് അറിയിച്ചത്.

“സിവിലിയൻ, സൈനിക സൗകര്യങ്ങൾ ആക്രമിക്കാനുള്ള ഉദ്‌ബോധനങ്ങൾ തികച്ചും നിയമവിരുദ്ധമാണ്. ഇത് ശിക്ഷിക്കപ്പെടേണ്ട കുറ്റമാണ്. അധികാരികൾ അവരുടെ സ്ഥാനമാനങ്ങളിൽ നിന്നും വ്യതിചലിക്കാൻ പോകുന്നില്ല. ഞങ്ങൾക്ക് സംഘർഷവും ആവശ്യമില്ല. മറിച്ച് പരസ്പര വിശ്വാസവും സംഭാഷണങ്ങളുമാണ് വേണ്ടത്.“

“തീവ്രവാദികൾ“ നയിച്ച പ്രതിഷേധമെന്നായിരുന്നു പ്രതിഷേധങ്ങളെ ടോകയേവ് അഭിസംബോധന ചെയ്തത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനായി മോസ്‌കോയുടെ പിന്തുണയുള്ള സുരക്ഷാ സഖ്യമായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ (സിഎസ്ടിഒ) സഹായം തേടിയിട്ടുണ്ടെന്ന് പിന്നീട് ടോകയേവ് പറയുകയും ചെയ്തു.

“ഈ തീവ്രവാദ ഭീഷണികളെ നേരിടാനായി കസാഖ്സ്ഥാനിനെ സഹായിക്കാൻ വേണ്ടി ഇന്ന് ഞാൻ സിഎസ്ടിഒ രാജ്യങ്ങളുടെ മേധാവികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.“ — അദ്ദേഹം സംസ്ഥാന ടെലിവിഷനിൽ പറയുകയുണ്ടായി.

ടോകയേവിന്റെ വാക്കുകൾ അശുഭകരമായി തോന്നുമെങ്കിലും പ്രതിഷേധക്കാരും ഭരണകൂടത്തിന്റെ ഇരകളായി വിദേശത്ത് കഴിയുന്നവരും ജാഗ്രതയോട് കൂടി തന്നെ ശുഭാപ്തിവിശ്വാസം പുലർത്തുകയാണിപ്പോൾ.

“കസാഖ്സ്ഥാൻ ഒരു പരാജയപ്പെട്ട രാജ്യമല്ലെന്നും നമുക്ക് ഇപ്പോഴുള്ള വ്യവസ്ഥിതി മാറ്റാൻ സാധിക്കുമെന്നും ഭരണ പതനത്തിനുള്ള സമയ പ്രശ്‌നമാണ് കാരണമെന്നും ഞാൻ വിശ്വസിക്കുന്നു. നിലവിലെ ഭരണത്തിന് പ്രതിസന്ധി പരിഹരിക്കാനാകില്ല. അതിന് സ്വന്തം അസ്തിത്വം നീട്ടാൻ മാത്രമേ ഉപകരിക്കൂ.“–ജാർഡെമാലി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.