
സ്വന്തം ലേഖകൻ: കുടിയേറ്റ പ്രതിസന്ധിയുടെ പേരില്‍ ടോറിപാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചെങ്കിലും കീര്‍ സ്റ്റാര്‍മര്‍ക്കും കുടിയേറ്റ പ്രതിസന്ധി വലിയ വെല്ലുവിളിയാവുന്നു. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് എതിരായ നടപടി ഫലം കാണാന്‍ വര്‍ഷങ്ങളെടുക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ചെറുബോട്ടുകളില്‍ കയറിയെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം സമീപഭാവിയില്‍ വര്‍ദ്ധിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കാനുള്ള തന്റെ പദ്ധതികള്‍ ചാനല്‍ കടത്ത് തടയുമെങ്കിലും ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി സമ്മതിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ബോട്ടുകള്‍ തടയുമെന്ന് ഗ്യാരണ്ടി നല്‍കാനും അദ്ദേഹം തയ്യാറായില്ല. ആരും ഈ കടത്ത് നടത്താന്‍ പാടില്ല. എന്നാല്‍ എണ്ണം കുറയുന്നതിന് പകരം ഉയരുകയാണ്. അതിനാല്‍ കൃത്യമായ തീയതിയോ, എണ്ണമോ കുറിച്ചിടില്ല, ഇത് മുന്‍പ് പരാജയപ്പെട്ടതാണ്. എന്നിരുന്നാലും ഫ്രാന്‍സിന്റെ തീരത്ത് നിന്നും ആളുകളെ ബോട്ടില്‍ കയറ്റുന്ന പരിപാടി തകര്‍ക്കാന്‍ തന്നെയാണ് ലക്ഷ്യം, വാഷിംഗ്ടണ്‍ ഡിസിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
സ്റ്റാര്‍മറുടെ ഭരണത്തില്‍ ഇതിനകം 484 കുടിയേറ്റക്കാരാണ് ചാനല്‍ കടന്ന് ബ്രിട്ടനില്‍ എത്തിയത്. ഓഫീസിലെത്തി 48 മണിക്കൂറിനകം മുന്‍ ഗവണ്‍മെന്റിന്റെ റുവാന്‍ഡ സ്‌കീം കീര്‍ സറ്റാര്‍മര്‍ റദ്ദാക്കിയിരുന്നു. കൂടാതെ മുന്‍ ഗവണ്‍മെന്റ് അഭയാര്‍ത്ഥിത്വം റദ്ദാക്കിയ ആയിരക്കണക്കിന് പേര്‍ക്ക് രാജ്യത്ത് തുടര്‍ന്ന് താമസിക്കാന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി സൂചന നല്‍കി.
റുവാന്‍ഡ സ്‌കീം റദ്ദാക്കിയതില്‍ സമ്മിശ്ര പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത്.അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് നേരിടാനുള്ള മുന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പദ്ധതിയായിരുന്നു റുവാന്‍ഡ സ്‌കീം. ചാനല്‍ കടന്നെത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് അയച്ച് പ്രൊസസിംഗ് നടത്താനുള്ള പദ്ധതി അനധികൃതമായി എത്തുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കീര്‍ സ്റ്റാര്‍മര്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സ്‌കീം റദ്ദാക്കി.
ഇതോടെ റുവാന്‍ഡയുമായുള്ള കരാറും അവസാനിച്ചു. എന്നാല്‍ ബ്രിട്ടനിലെ പുതിയ ഗവണ്‍മെന്റ് നടത്തുന്ന നീക്കങ്ങളുടെ പേരില്‍ തങ്ങള്‍ക്ക് നല്‍കിയ 290 മില്ല്യണ്‍ പൗണ്ട് തിരിച്ച് ലഭിക്കുമെന്ന മോഹമൊന്നും സ്റ്റാര്‍മര്‍ക്ക് വേണ്ടെന്നാണ് റുവാന്‍ഡ ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. കരാറില്‍ പാലിക്കേണ്ട എല്ലാ കാര്യങ്ങളും തങ്ങളുടെ പക്ഷത്ത് നിന്നും പിന്തുടര്‍ന്നിട്ടുള്ളതായി ആ രാജ്യത്തെ ഭരണകൂടം വ്യക്തമാക്കി.
പദ്ധതി റദ്ദായതോടെ പുതിയ ലേബര്‍ ഗവണ്‍മെന്റ് റുവാന്‍ഡയില്‍ നിന്നും നികുതിദായകരുടെ പണത്തില്‍ ഒരു ഭാഗം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു പ്രചരണം. ഈ അഭ്യൂഹങ്ങളുടെ മുനയൊടിച്ചാണ് പണം തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന് റുവാന്‍ഡ ഗവണ്‍മെന്റ് വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല