1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2023
Photo: BBC

സ്വന്തം ലേഖകൻ: കേരളത്തിൽ കുടുംബമായി മിക്കവരും യുകെ ഉൾപ്പടെ വിദേശ രാജ്യങ്ങളിലാണെന്നും നാട്ടിൽ മാതാപിതാക്കൾ ഒറ്റക്കാണെന്നും വാർത്ത നൽകി ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാർത്ത തയാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. വാർത്ത മലയാളികക്ക് ഇടയിൽ ഏറെ ചർച്ചയായി. ‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A ghost town in the world’s most populated country) എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്.

വാർത്തയിൽ തുടർവിദ്യാഭ്യാസ രംഗത്ത് മുൻപിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാർഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് ചില സ്കൂളുകളെന്നും പറയുന്നുണ്ട്. ചൈന പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യ വർധനയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വാർത്തയിൽ ഇടം നേടിയ കുമ്പനാട്ടെ പല വീടുകളും ആൾ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ചില ഇടങ്ങളിൽ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കും. വിദേശ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറിയ സാഹചര്യത്തിൽ പഠിക്കാൻ വിദ്യാർഥികൾ നാട്ടിൽ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ.

വിരലിൽ എണ്ണാവുന്ന വിദ്യാർഥികൾ മാത്രം പഠിക്കുന്ന ചില സ്കൂളുകളിൽ വരും വർഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്ക വാർത്തയിലൂടെ അധ്യാപകർ പങ്കുവയ്ക്കുന്നുണ്ട്. കുട്ടികളെ തേടി അധ്യാപകർ വീടുകൾ കേറേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നു. കുമ്പനാട്ടിലെ 150 വർഷം പഴക്കമുള്ള ഒരു സർക്കാർ യുപി സ്കൂളിൽ നിലവിൽ 50 വിദ്യാർഥികൾ പഠിക്കുന്നു. 1980 കളുടെ അവസാനം വരെ 700 കുട്ടികൾ ഉണ്ടായിരുന്ന സ്കൂളിൽ വളരെ പെട്ടെന്നാണ് 50 ലേക്ക് എത്തിയത് എത്തിയത്. പഠിക്കുന്നവരിൽ ഭൂരിഭാഗവും പട്ടണത്തിന്റെ അരികിൽ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏഴ് വിദ്യാർഥികൾ മാത്രമുള്ള ഏഴാം ക്ലാസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ളത്. ഇവിടെ 2016 ൽ പഠിച്ചത് ഒരു വിദ്യാർഥി മാത്രമാണെന്നും അധ്യാപകർ പറഞ്ഞതായി വാർത്തയിൽ പറയുന്നു.

ആവശ്യത്തിന് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോ റിക്ഷകൾക്ക് നൽകാനായി എട്ട് അധ്യാപകർ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. ഈ പ്രദേശത്ത് കുട്ടികൾ ഇല്ലെന്നും, ആളുകൾ താമസിക്കുന്നത് വളരെ കുറവാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ജയദേവവി പറഞ്ഞതായി വാർത്തയിൽ പറയുന്നു.

കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000 ൽപ്പരം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്നും കുമ്പനാട് ഉൾപ്പെടുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറയുന്നതായും വാർത്തയിൽ പരാമർശമുണ്ട്. കുമ്പനാടും പരിസരപ്രദേശങ്ങളിലുമായി ഇരുപതോളം സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർഥികൾ വളരെ കുറവാണെന്നും ജനനനിരക്ക് കുറവായതിനാൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാട് അഭിമുഖീകരിക്കുന്നതെന്നും വാർത്തയിൽ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.