1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2021

സ്വന്തം ലേഖകൻ: കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെൽ മേയ് രണ്ടിന് നടക്കും. മാർച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22ന്. മലപ്പുറത്തെ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും.

അസമിൽ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ്. ആദ്യ ഘട്ടം മാർച്ച് 27, രണ്ടാം ഘട്ടം ഏപ്രിൽ 1, മൂന്നാം ഘട്ടം ഏപ്രിൽ 6. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലേക്കും വോട്ടെടുപ്പ് ഏപ്രിൽ 6ന് നടക്കും.

ബംഗാളിൽ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം – മാർച്ച് 27, രണ്ടാം ഘട്ടം – ഏപ്രിൽ ഒന്ന്, മൂന്നാം ഘട്ടം – ഏപ്രിൽ ആറ്, നാലാം ഘട്ടം – ഏപ്രിൽ 10, അഞ്ചാം ഘട്ടം – ഏപ്രിൽ 17, ആറാം ഘട്ടം – ഏപ്രിൽ 22, ഏഴാം ഘട്ടം – ഏപ്രിൽ 26 എട്ടാം ഘട്ടം – ഏപ്രിൽ 29.

ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. 3 ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 89.65% വർധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

പോളിങ് സമയം ഒരുമണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം. പത്രിക സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.

സ്ഥാനാർഥികൾ‌ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന തുക 30.80 ലക്ഷം രൂപ. സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തീരുമാനിച്ചില്ല. പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചു.

സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണത്തിന് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ പുഷ്പേന്ദ്ര പൂനിയയെയും നിയോഗിച്ചു. ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്; യുകെയില്‍ നിന്നും വന്ന 3 പേർക്കും രോഗം

കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍കോട് 119, ഇടുക്കി 85 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെയില്‍നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി. എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,13,39,805 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 477, കോഴിക്കോട് 436, കൊല്ലം 372, പത്തനംതിട്ട 314, എറണാകുളം 329, മലപ്പുറം 266, ആലപ്പുഴ 264, തിരുവനന്തപുരം 164, കോട്ടയം 209, കണ്ണൂര്‍ 117, വയനാട് 150, പാലക്കാട് 47, കാസര്‍കോട് 92, ഇടുക്കി 80 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 4, കണ്ണൂര്‍ 3, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കൊല്ലം, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 518, പത്തനംതിട്ട 512, ആലപ്പുഴ 263, കോട്ടയം 548, ഇടുക്കി 108, എറണാകുളം 345, തൃശൂര്‍ 276, പാലക്കാട് 173, മലപ്പുറം 213, കോഴിക്കോട് 432, വയനാട് 114, കണ്ണൂര്‍ 128, കാസര്‍കോട് 140 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 51,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,96,514 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 370 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.