1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2021

സ്വന്തം ലേഖകൻ: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിൽ എല്‍.ഡി.എഫ് 99 സീറ്റുകളുമായി തുടര്‍ ഭരണത്തിലേക്ക്. 2016ല്‍ 91 സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ ബി.ജെ.പിയുടെ ഏക സീറ്റും യു.ഡി.എഫിന്റെ എട്ട് സീറ്റും എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ അടുത്തകാലത്തുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമാണിത്.

ഭരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷവും സി.പി.എം ഒറ്റയ്ക്ക് നേടിയിട്ടുണ്ട്. സി.പി.ഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളും പിന്നിലുണ്ട്. കേരള കോണ്‍ഗ്രസിനും ലോക്താന്ത്രിക് ജനതാദളിനും പാര്‍ട്ടി അധ്യക്ഷന്മാരെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കോവളം ഒഴികെ എല്ലാ സീറ്റുകളിലും എല്‍.ഡി.എഫിനാണ് ലീഡ്. അരുവിക്കര, തിരുവനന്തപുരം എന്നീ ഉറച്ച സീറ്റുകള്‍ യു.ഡി.എഫിന് നഷ്ടമായി. നേമത്ത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റും എല്‍.ഡി.എഫിന് മുന്നില്‍ അടിയറവ് വയ്ക്കുന്ന കാഴ്ചയാണുണ്ടായത്. കോവളം മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത് തിരുവനന്തപുരത്ത് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവാണ് വിജയത്തിനരികെ നില്‍ക്കുന്നത്.

കൊല്ലം ജില്ലയില്‍ സി.പി.എം ശക്തി കേന്ദ്രമായ കുണ്ടറ ഇത്തവണ പാര്‍ട്ടിയെ കൈവിട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് 5000ല്‍ ഏറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കരുനാഗപള്ളിയില്‍ സി.ആര്‍ മഹേഷും അപ്രതീക്ഷിത വിജയം നേടി. മറ്റ് ഒമ്പത് മണ്ഡലങ്ങളും ഇടത് മുന്നണിയ്ക്കൊപ്പമാണ്. ഷിബു ബേബി ജോണ്‍ ഏറെ പ്രതീക്ഷ വച്ച ചവറ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സൂചനയില്ല.

പത്തനംതിട്ടയില്‍ അഞ്ച് സീറ്റും എല്‍.ഡി.എഫ് പിടിച്ചെടുക്കുമെന്ന സൂചനയാണ്. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന ഒരു സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടു. റാന്നിയില്‍ അവസാനവട്ട പോരാട്ടം നടക്കുകയാണ്. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് മത്സരിച്ച ഹരിപ്പാട് മാത്രമാണ് ലീഡ് ചെയ്യുന്നത്. അവസാന നിമിഷത്തില്‍ അരൂര്‍, ചേര്‍ത്തല അടക്കം എല്‍്ഡി.എഫ് ലീഡ് നേടി വിജയം ഉറപ്പിച്ചു.

കോട്ടയത്ത് എല്‍.ഡി.എഫ് അഞ്ചിടത്തും യു.ഡി.എഫ് നാലിടത്തും വിജയിച്ചു. കെ.എം മാണിയുടെ പേരിനൊപ്പം ചേര്‍ത്ത് വച്ചിരുന്ന പാലായില്‍ മകന്‍ ജോസ് കെ.മാണിയുടെ തോല്‍വി കേരള കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. എന്നാല്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജിനേറ്റ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. പൂഞ്ഞാര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളിലൂടെ എല്‍.ഡി.എഫ് ജില്ലയില്‍ മേല്‍ക്കൈ നേടി. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുത്തനെ കുറഞ്ഞു. ഇടത് തരംഗത്തിലും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും അഭിമാനാര്‍ഹമായ വിജയം നേടി.

ഇടുക്കിയില്‍ തൊടുപുഴയില്‍ ജോസഫ് മാത്രമാണ് യു.ഡി.എഫിന്റെ ആശ്വാസം. ഉടുമ്പന്‍ചോലയില്‍ എം.എം മാണി 30,000ല്‍ ഏറെ ഭൂരിപക്ഷം നേടി. പീരുമേട്, ദേവികുളം, ഇടുക്കി സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു.

എറണാകുളം ജില്ലയില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ യു.ഡി.എഫ് 9 ഇടത്തും എല്‍.ഡി.എഫ് ആറിടത്തും ലീഡ് ചെയ്യുന്നു. മധ്യ കേരളത്തില്‍ ജില്ലയില്‍ മാത്രമാണ് യു.ഡി.എഫ് നില മെച്ചപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച നാല് സീറ്റുകള്‍ പിടിച്ചെടുത്തു. മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, കുന്നത്തുനാട് എന്നിവിടങ്ങളില്‍ ിഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

പാലക്കാട് എല്‍.ഡി.എഫ് 10 ഇടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് ലീഡ്. പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ലീഡ്. മലപ്പുറത്തെ 16 സീറ്റുകളില്‍ അവസാന റൗണ്ടുകളില്‍ യു.ഡി.എഫ് 12 ഇടത്തും എല്‍.ഡി.എഫ് നാലിടത്തും ലീഡ് ചെയ്യുന്നു. കോഴിക്കോട് എല്‍.ഡി.എഫ് 11 ഇടത്തും യു.ഡി.എഫ് 2 സീറ്റിലും ലീഡ് ചെയ്യുന്നു. വടകരയില്‍ കെ.കെ രമയുടെ വിജയം മാത്രമാണ് ഇവിടെ യു.ഡി.എഫിന് അഭിമാനിക്കാവുന്നത്. സി.പി.എമ്മിനുള്ള കനത്ത തിരിച്ചടി കൂടിയാണിത്.

വയനാട് ജില്ലയില്‍ യു.ഡി.എഫ് രണ്ടിടത്തും എല്‍.ഡി.എഫ് ഒരിടത്തും ലീഡ് ചെയ്യുന്നു. മാനന്തവാടിയില്‍ മാത്രമാണ് എല്‍.ഡി.എഫ് കല്പറ്റയില്‍ എം.വി ശ്രേയാംസ്‌കുമാര്‍ തുടക്കത്തില്‍ തന്നെ പിന്നാക്കം പോയി. കണ്ണൂരില്‍ എല്‍.ഡി.എഫ് 9 സീറ്റുകളും യു.ഡി.എഫ് 2 സീറ്റുകളും നേടി. എല്‍.ഡി.എഫിന് കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ ഒരു സീറ്റ് കൂടി. മട്ടന്നൂരില്‍ മന്ത്രി കെ.കെ ശൈലജ 61,000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷത്തോളം ഭൂരിപക്ഷത്തില്‍ എത്തി. അഴിക്കോട് കെ.എം ഷാജിയുടെ തോല്‍വിയാണ് യൂ.ഡി.എഫിന് ഏറ്റ വലിയ തിരിച്ചടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.