1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കനത്ത പോളിങ്. വൈകുന്നേരം 6 വരെയുള്ള കണക്കനുസരിച്ച് 71.31 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഇരു ജില്ലകളിലും പോളിങ് ശതമാനം 75 പിന്നിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് കേരളത്തിൽ പുരോഗമിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 957 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ചരിത്ര വിജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

രാവിലെ അ‍ഞ്ചരക്ക് മോക്ക്‌പോൾ ആരംഭിച്ചു. കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. വൈകിട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിവരെ ബൂത്തിലെത്തുന്നവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും. മാവോയിസ്റ്റ് ഭീഷണിയുള്ള വയനാട് ജില്ലയിൽ ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വോട്ടർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ ഓർമ്മിപ്പിക്കുന്നു.

സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്‌തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ടുതവണ സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായി. രാവിലത്തെ സംഘര്‍ഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായാണ് പരാതി. തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.

തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡി.വൈ.എഫ്‌ഐ. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം. ആറാട്ടുപുഴയില്‍ വീണാ ജോര്‍ജിനെതിരെ കൈയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും ഉണ്ടായി. കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് സിപിഎം ആരോപണം

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.