
സ്വന്തം ലേഖകൻ: വരുമാന വര്‍ധനവിന് പുതിയ നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചും ചെലവ് ചുരുക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചും പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഈ വര്‍ഷം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പൌരത്വപ്രക്ഷോഭങ്ങളും സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റവതരണം തുടങ്ങിയത്. അടിസ്ഥാന സൌകര്യ വികസന പദ്ധതികളിലേക്കുള്ള നിക്ഷേപത്തിന് ഇപ്പോഴും പ്രതീക്ഷ കിഫ്ബി തന്നെ. അധിക വിഭവ സമാഹരണത്തിന് രജിസ്ട്രേഷന്‍ ഫീസുകളും സര്‍വീസ് ഫീസും വാഹന നികുതിയും വര്‍ധിപ്പിച്ചു., ഭൂമിയുടെ ന്യായവിലയില്‍ പത്ത് ശതമാനമാണ് വര്‍ധന. മുച്ചക്രവാഹനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി കൂട്ടി. ഉദ്യോഗസ്ഥ പുനര്‍വിന്യാസവും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണവുമാണ് ചെലവ് ചുരുക്കാനുള്ള പ്രധാന നിര്‍ദേശങ്ങള്‍.
അതേസമയം ആയിരം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.നൂറ് രൂപയാണ് ക്ഷേമപെന്‍ഷനുകളിലെ വര്‍ധന. പ്രവാസി വകുപ്പിന് 90 കോടി രൂപ അനുവദിച്ചു. ആയിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചു. തദ്ദേശ സ്ഥാപനങ്ങലുടെ വിഹിതം 12,024 രൂപയാക്കി. കെ.എസ്.ആര്‍.ടി.സിക്ക് ആയിരം കോടി അനുവദിച്ചു. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മറികടക്കാനാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ധനമന്ത്രി.
പൗരത്വനിയമത്തിനെതിരെ കേരളം ഒരുമയോടെ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ധനമന്ത്രി തോമസ് ഐസക് തുടങ്ങിയ ബജറ്റ് പ്രസംഗത്തില്‍ എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമപെന്‍ഷനുകളുടെ തുക 1,300 രൂപയായി ഉയര്‍ത്തി. വ്യവസായ നിക്ഷേപം ഉയര്‍ത്താനുളള സര്‍ക്കാരിന്‍റെ നടപടികള്‍ വിജയകരമായിരുന്നുവെന്ന് ധനമന്ത്രി ബജറ്റ് രേഖയില്‍ വ്യക്തമാക്കി. വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച പ്രമുഖ കോര്‍പറേറ്റ് കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ – എല്ലാ നഗരങ്ങളിലും ഷി- ലോഡ്ജുകള്‍, 200 ചിക്കന്‍ ഔട്ട്‌ലറ്റ്, 1000 ഹരിത സംരംഭങ്ങള്‍, 1000 വിശപ്പ് രഹിത ഹോട്ടലുകള്‍, 500 ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍,14 മൈക്രോ ട്രൈബല്‍ പദ്ധതി, 200 ഏക്കറില്‍ സംഘകൃഷി, നാല് ശതമാനം പലിശയ്ക്ക് 3000 കോടിയുടെ ബാങ്ക് വായ്പ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുന്നു.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
പതിനായിരം പട്ടികവിഭാഗ യുവജനങ്ങള്‍ക്ക് പുതുതായി തൊഴില്‍.
പുതിയ തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പി.എഫ് വിഹിതവും സ്ത്രീകള്‍ക്ക് പ്രത്യേകമായി 2000 രൂപയും സര്‍ക്കാര്‍ നല്‍കും. ഇതിനായി 100 കോടിരൂപ.
1000 കോടി രൂപ പുതിയ ഗ്രാമീണ റോഡ് വികസന പദ്ധതി.
കെ.എസ്.ആര്‍.ടി.സിക്ക് 1000കോടി; പദ്ധതിയില്‍ 109 കോടി വേറെ.
ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി.
മുന്നോക്ക സമുദായ ക്ഷേമത്തിന് 36 കോടി.
ഭിന്നശേഷിക്കാര്‍ക്ക് 217 കോടി, തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 290 കോടി.
12000 പുതിയ പൊതുടോയ്‌ലറ്റുകള്‍.
മുന്‍കാലങ്ങളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ എയിഡഡ് കോളേജുകളില്‍ 1000 പുതിയ തസ്തികകള്‍.
പുതിയ 60 ന്യൂജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ അനുവദിക്കും.
400 കയര്‍ പായ യന്ത്രമില്ലുകള്‍, 2000 ഓട്ടോമാറ്റിക് പിരി യന്ത്രങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കും.
കയര്‍ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കടാശ്വാസത്തിന് 25 കോടി.
2020-21 ല്‍ 152 തരിശുരഹിത ഗ്രാമങ്ങള്‍.
പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സില്‍ പ്രതിമാസം 50രൂപയുടെ വര്‍ദ്ധനവ്.
കാര്‍ഷികേതര മേഖലയില്‍ 1000 പേര്‍ക്ക് ഒരാളെന്ന തോതില്‍ 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
തീരദേശപാക്കേജിന് 1000 കോടി.
കുട്ടനാട് പാക്കേജിന് 2400കോടി.
വയനാട് പാക്കേജിന് 2000 കോടി.
സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ കൂലി പ്രതിദിനം 50 രൂപയുടെ വര്‍ദ്ധനവ്.
ഒരുലക്ഷം പുതിയ വീടുകള്‍.
2.5 ലക്ഷം പേര്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍.
500 മെഗാവാട്ട് വൈദ്യുതി സ്ഥാപിതശേഷി സൃഷ്ടിക്കും.
100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല