1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2021

സ്വന്തം ലേഖകൻ: ക്ഷേമ, വികസന സ്വപ്നങ്ങൾ പങ്കുവെച്ച് സംസ്ഥാന ബജറ്റ്; തൊഴില്‍, വിദ്യാഭ്യാസ, കാർഷിക മേഖലകൾക്ക് ഊന്നല്‍ നല്‍കിയുമുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിൽ തറവിലകള്‍ നിശ്ചയിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.

എല്ലാക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിച്ചതാണ് പ്രധാനപ്രഖ്യാപനം. റേഷന്‍ കടകള്‍വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും. വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരിയും വിതരണംചെയ്യും.

അങ്കണവാടി ടിച്ചര്‍മാരുടെ പ്രതിമാസപെന്‍ഷന്‍ 2000 രൂപയായും ഹല്‍പ്പര്‍മാരുടേത് 1,500 രൂപയായും വര്‍ധിപ്പിച്ചു. ആശാവര്‍ക്കര്‍മാരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവുവരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപവീതം കൂട്ടി.

കര്‍ഷകര്‍ക്ക് ആശ്വാസമായി റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നെല്ലിന് 28 രൂപയും നാളികേരത്തിന് 32 രൂപയും തറവില നിശ്ചയിച്ചു. പ്രവാസികള്‍ക്കും നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തി. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗകുടുംബങ്ങള്‍ക്കും വീടു നല്‍കും. 2080 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ എട്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ മൂന്നുലക്ഷം അവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ചുലക്ഷം മറ്റുള്ളവര്‍ക്കുമായിരിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംവഴി അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷംപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിക്കും. ഫെബ്രുവരിയില്‍ അതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 2,500 സ്റ്റാര്‍ട്ടപ്പുകള്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍തുടങ്ങും. ആരോഗ്യ മേഖലയില്‍ 4000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

അടിസ്ഥാന സൗകര്യവികസനമേഖലയില്‍ 50,000 കോടി മുടക്കു മുതലുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിടും. കെ ഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും.

ഉന്നതവിദ്യാഭ്യാസമേഖലയിലെ പരിവര്‍ത്തനത്തിനായി വിവിധ പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്. അഞ്ചുലക്ഷം പേര്‍ക്കകൂടി പഠന സൗകര്യം ഏര്‍പ്പെടുത്തും. 1000 അധ്യാപകരെ നിയമിക്കും. സര്‍വകലാശാലകളിലെ പശ്ചാത്തലസൗകര്യവികസനത്തിനായി 2000 കോടി രൂപയുടെ സഹായം നല്‍കും. പ്രതിമാസം 50,000 രൂപമുതല്‍ ഒരു ലക്ഷംരൂപവരെയുള്ള 500 പോസ്റ്റ ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ അനുവദിക്കും.

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ജനുവരി അവസാനത്തോടെ ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ച് ഉത്തരവിറക്കും. ശമ്പള കുടിശിക മൂന്നുഗഡുക്കളായി പിന്നീട് നല്‍കും.ഡിഎ കുടിശികയില്‍ ഒരുഗഡു ഏപ്രില്‍ മുതല്‍ നല്‍കും. രണ്ടാമത്തെ ഗഡു ഒക്ടോബറിലും. കുടിശിക പിഎഫില്‍ ലയിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ്പ് 2021-22ല്‍ നടപ്പാക്കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 50ശതമാനം വാഹനനികുതിയൊഴിവ് നല്‍കും. പ്രളയ സെസ് ഓഗസ്റ്റ് മുതല്‍ ഈടാക്കില്ല.

റെക്കോഡ് തകര്‍ത്താണ് മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗം മന്ത്രി തോമസ് ഐസക് അവസാനിപ്പിച്ചത്. രാവിലെ ഒമ്പതിന് തുടങ്ങിയ അവതരണം ഉച്ചയ്ക്ക് 12.17വരെ നീണ്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.