
സ്വന്തം ലേഖകൻ: അഞ്ച് കുട്ടികൾ ഉള്ളവർക്ക് പ്രതിമാസം 1,500 രൂപ വീതം നല്കുമെന്ന പ്രഖ്യാപനം വിവാദത്തിൽ. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുള്ള സിറോ മലബാര്‍ സഭ പാലാ അതിരൂപതയുടെ ഫേസ്ബുക്ക് പേജിലെ പരസ്യമാണ് വ്യാപക വിമർശനം നേരിട്ടത്. വിവാദം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ ആറ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുള്ള വിശദമായ സർക്കുലർ രൂപത പുറത്തിറക്കി. സഹായം നൽകുന്നത് കൂടുതൽ കുട്ടികളുള്ളവർക്ക് ആശ്വാസത്തിനായെന്ന് സർക്കുലറിൽ പറയുന്നു. ഈ വരുന്ന ഞായറാഴ്ച എല്ലാ പള്ളികളിലും കുർബാനയ്ക്ക് മധ്യേ സർക്കുലർ വായിക്കാനും സർക്കുലറിൽ നിർദ്ദേശമുണ്ട്.
രണ്ടായിരത്തിനുശേഷം വിവാഹിതരായ പാലാ രൂപതാ അംഗങ്ങളായ ദമ്പതിമാർക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ് മുതലാകും ആനുകൂല്യം നല്‍കുക. നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണനയുണ്ടാകുമെന്നും സർക്കുലറിൽ വാഗ്ദാനമുണ്ട്.
ക്രിസ്ത്യാനികൾ ജനസംഖ്യാ വർധനക്ക് സന്നദ്ധരാകണമെന്ന ആഹ്വാനങ്ങൾ വിവിധ തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ കുറച്ച് കാലമായി നടത്തുന്നതിനിടെയാണ് രൂപതയുടെ പ്രഖ്യാപനം. വിവിധ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആ നിലക്കുള്ള പ്രചാരണവും ചർച്ചകളും സജീവവുമായിരുന്നു. ഇതിനു പിന്നാലെയാണ് രൂപത ഫേസ്ബുക്ക് പരസ്യം പിന്‍വലിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല