1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: മത്സ്യബന്ധനം, കടല്‍ ക്ലസ്റ്റർ തുടങ്ങിയ മേഖലകളില്‍ നോര്‍വേ കേരളവുമായി സഹകരിക്കുമെന്ന് നോര്‍വീജിയന്‍ ഫിഷറീസ് മന്ത്രി ബിജോര്‍നാര്‍ സെല്‍നസ് സ്കജേരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഔദ്യോഗിക പര്യടനത്തിനായി നോര്‍വേയിലെത്തിയ മുഖ്യമന്ത്രി, 1953ല്‍ ൽ നീണ്ടകരയില്‍ നടന്ന ഇന്തോ നോര്‍വീജിയന്‍ പദ്ധതിയുടെ കാലം മുതലുള്ള കേരള നോര്‍വേ ബന്ധം അനുസ്മരിച്ചു.

ഇന്തോ നോര്‍വീജിയന്‍ പദ്ധതിയെ തുടര്‍ന്ന് കേരളത്തിന്റെ മത്സ്യബന്ധന മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. 1952ലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇന്ത്യയും നോര്‍വേയും മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിനായി ത്രികക്ഷി കരാര്‍ ഒപ്പിട്ടത്.

ഇന്‍ഡോ നോര്‍വീജിയന്‍ പദ്ധതിയാണ് കേരളത്തിലെ യന്ത്രവത്കൃത മത്സ്യബന്ധനത്തിന്റെയും സമുദ്രോത്പന്ന വ്യവസായത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായകമായത്. പതിറ്റാണ്ടുകളായി, സമുദ്രോത്പാദനത്തിന്റെ കാര്യത്തില്‍ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മുന്നിലാണ്, മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിന്‍ കപ്പൽ നിർമാണശാല അടുത്തിടെ നോര്‍വേയ്ക്കായി രണ്ട് ഇലക്ട്രിക് ബാര്‍ജുകള്‍ നിർമിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് മാരിടൈം ക്ലസ്റ്റര്‍ സ്ഥാപിക്കുന്ന കാര്യവും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ പ്രാധാന്യം വ്യവസായ മന്ത്രി പി.രാജീവ് വിശദീകരിച്ചു.

മത്സ്യബന്ധനത്തിനും പുറമെ നോര്‍വേയ്ക്ക് കേരളവുമായി സഹകരിക്കാന്‍ കഴിയുന്ന മറ്റൊരു മേഖലയാണ് അക്വാകള്‍ച്ചറെന്നും നോര്‍വീജിയന്‍ മന്ത്രി പറഞ്ഞു. നോര്‍വേയിലെ വാണിജ്യ അക്വാകള്‍ച്ചര്‍ വ്യവസായം വളരെ പുരോഗമനപരവും സുസ്ഥിരവുമാണ്, കേരളത്തിലെ ഫിഷറീസ് സര്‍വകലാശാല ഇക്കാര്യത്തില്‍ നോര്‍വേയുമായി സാങ്കേതിക ചര്‍ച്ചകള്‍ നടത്തുമെന്ന് കേരള ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.

അതേസമയം ലോക സമാധാന സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള കേരള സര്‍ക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്ററി ഫ്ലോഗ്സ്ററാഡ് വ്യക്തമാക്കി. നോര്‍വേ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്ന സ്ഥാപനമാണ് നോര്‍വേയിലെ നോബല്‍ പീസ് സെന്റര്‍. കേരള സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, വേണു രാജാമണി, കെ.എസ്. ശ്രീനിവാസ് എന്നിവര്‍ സംഘത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.