
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം തുടരുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ദുബായ് എക്സ്പോ നഗരിയിൽ ആയിരുന്നു കൂടിക്കാഴ്ച. ദുബായ് കിരീടാവകാശി ശൈഖ് ഹംദാനും സന്നിഹിതനായിരുന്നു.
ദുബായ് സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ സ്വീകരണ ചിത്രവുമായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബായ് എക്സ്പോ 2020ലെ കേരള വീക്കിൽ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ചാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്.
“കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്,“ അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
വിവിധ രാഷ്ട്ര നേതാക്കൾ എക്സ്പോ സന്ദർശിക്കുമ്പോൾ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്യാറുണ്ട്. എന്നാൽ, ഇംഗ്ലീഷിലും അറബിയിലുമാണ് സാധാരണ ട്വീറ്റ് ചെയ്യാറുള്ളത്. യു.എ.ഇക്കും ഇമാറാത്തി ഭരണകൂടത്തിനും കേരളത്തോടും മലയാളികളോടുമുള്ള പ്രത്യേക അടുപ്പമാണ് ശൈഖ് മുഹമ്മദിന്റെ ട്വീറ്റിൽനിന്ന് വ്യക്തമാകുന്നത്.
യു.എ.ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി ഇന്ത്യയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എക്സ്പോയിൽ ഇന്ത്യയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. കേരളത്തിന്റെ സാമ്പത്തിക, നിക്ഷേപ കരുത്ത് വെളിപ്പെടുത്തുന്നതാവും എക്സ്പോയിലെ കേരളത്തിന്റെ പ്രദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതാവും എക്സ്പോ 2020 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മുഖ്യമന്ത്രിയുടെ സന്ദർശനം ട്വീറ്റ് ചെയ്തിട്ടുണ്ട്. കറുത്ത പൊന്ന് ഉൾപ്പെടെയുള്ള കേരളത്തിന്റെ ഉപഹാരം യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൗതുകമായി.
സഹസ്രാബ്ദങ്ങൾ മുൻപു തന്നെ ഈ നാടുമായി കേരളത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സമ്മാനം. കുരുമുളക്, കറുവപ്പട്ട, തക്കോലം, ഏലയ്ക്ക, ഗ്രാമ്പു, ഉണക്കമുന്തിരി എന്നിവയ്ക്കു പുറമേ കഥകളി രൂപവും ആറന്മുളക്കണ്ണാടിയും കെട്ടുവള്ളവുമായിരുന്നു സമ്മാനപ്പെട്ടിയിൽ ഉണ്ടായിരുന്നത്. ഒരോന്നിന്റെ പ്രത്യേകതയും ഷെയ്ഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയും എം.എ യൂസഫലിയും അതേക്കുറിച്ച് വിശദീകരിച്ചത് നിറഞ്ഞ ഉത്സാഹത്തോടെ ഷെയ്ഖ് മുഹമ്മദ് കേട്ടു നിന്നു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ച മലയാളം ട്വീറ്റിന് അറബിയിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നുവെന്നും നിങ്ങളുടെ ആതിഥ്യമര്യാദയിൽ വിനയാന്വിതരാണെന്നും മുഖ്യമന്ത്രി അറബിയിൽ കുറിച്ചു. ഈ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. യു.എ.ഇയുടെയും ദുബൈയുടെയും വികസനത്തിന് കേരളത്തിൽനിന്നുള്ളവർ നൽകുന്ന സംഭാവനകൾ അംഗീകിരിക്കുന്ന നിങ്ങളുടെ മനസ്സിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല