1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 750

എറണാകുളം 746

തൃശൂര്‍ 553

ആലപ്പുഴ 506

പത്തനംതിട്ട 480

കൊല്ലം 460

കോട്ടയം 376

തിരുവനന്തപുരം 363

മലപ്പുറം 308

കണ്ണൂര്‍ 279

,ഇടുക്കി 203

വയനാട് 161

പാലക്കാട് 153

കാസര്‍കോട് 133

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3970 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 322 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 739, എറണാകുളം 695, തൃശൂര്‍ 537, ആലപ്പുഴ 486, പത്തനംതിട്ട 444, കൊല്ലം 448, കോട്ടയം 354, തിരുവനന്തപുരം 282, മലപ്പുറം 296, കണ്ണൂര്‍ 206, ഇടുക്കി 193, വയനാട് 156, പാലക്കാട് 68, കാസര്‍കോട് 123 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, എറണാകുളം, പാലക്കാട് 5 വീതം, തൃശൂര്‍, വയനാട് 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട 2, കൊല്ലം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

നെഗറ്റീവ് ആയവർ, ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 406

കൊല്ലം 700

പത്തനംതിട്ട 532

ആലപ്പുഴ 392

കോട്ടയം 306

ഇടുക്കി 219

എറണാകുളം 800

തൃശൂര്‍ 477

പാലക്കാട് 185

മലപ്പുറം 519

കോഴിക്കോട് 582

വയനാട് 237

കണ്ണൂര്‍ 439

കാസര്‍കോട് 41

ഇതോടെ 63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,44,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,951 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 10,134 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1118 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 456 ഹോട്സ്‌പോട്ടുകളാണുള്ളത്.

തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് ഇടത്, വലത് മുന്നണികൾ

കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പൊലീസ് ഉദ്യാഗസ്ഥരുമായും നടത്തിയ ചര്‍ച്ചക്കിടെയാണ് ആശങ്ക പ്രകടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയത്.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണം എന്നതില്‍ കമ്മീഷന് മുന്നില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത പ്രകടമായി. ഏപ്രില്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇടതുപാര്‍ട്ടികള്‍ അറിയിച്ചു. കോണ്‍ഗ്രസും ഏപ്രിലില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. കലാശക്കൊട്ട് വേണമെന്ന അഭിപ്രായം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഏപ്രില്‍ 8 നും 12നും ഇടയില്‍ നടത്തണമെന്നും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്നും ഏഴ് മണി മുതല്‍ അഞ്ച് മണി വരെ മതി തെരഞ്ഞെടുപ്പ് സമയം എന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എട്ടിനും 12 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തന്നെ ആവര്‍ത്തിച്ച മുസ്‌ലിം ലീഗ് മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്നാണ് എല്ലാ പാര്‍ട്ടികളും നിലപാടെടുത്തത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തിയത്. നാളെ വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

രാഷ്ട്രീയപാര്‍ട്ടികളെ കൂടാതെ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ആശയവിനിമയം നടത്തും. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികളുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായും ചര്‍ച്ച നടത്തുന്നുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് ഘട്ടങ്ങളും തിയതിയും നിശ്ചയിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.