1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 21,890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 96,378 സാംപിളുകളാണ് പരിശോധിച്ചത്. 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 28 പേർ മരിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹചടങ്ങിൽ 50പേർമാത്രം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലില്‍ റജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങിൽ പരമാവധി 20പേർ. റമദാൻ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളിൽ 50പേർ മാത്രം. ചെറിയപള്ളികളാണെങ്കിൽ എണ്ണം ചുരുക്കണം. കലക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം.

നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തിൽ ഭക്ഷണവും തീർഥവും നൽകുന്നത് തൽക്കാലം ഒഴിവാക്കണം. സിനിമാ തിയറ്റർ, ഷോപ്പിങ് മാൾ, ജിം, ക്ലബ്ബ്, സ്പോർട് കോംപ്ലക്സ്, നീന്തൽകുളം, വിനോദപാർക്ക്, ബാറുകൾ, വിദേശ മദ്യശാലകൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം വേണ്ടെന്നു വയ്ക്കും. മേയ് രണ്ടിനും അടുത്തദിവസവും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ ഇന്നു ചേർന്ന സർവകക്ഷിയോഗം ചർച്ച ചെയ്തു. ആഹ്ളാദ പ്രകടനം ഒഴിവാക്കണം എന്ന നിർദേശമാണ് യോഗത്തിൽ ഉയർന്നത്. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുത്. ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജൻറുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ എടുത്തവർക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥർക്കും ഇത് ബാധകം.

വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസ് മാത്രമേ അന്നുണ്ടാകൂ. സർക്കാർ അർധസർക്കാര്‍ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എല്ലാ യോഗങ്ങളും ഓൺലൈനിൽ മാത്രമേ നടത്താവൂ. സർക്കാർ ഓഫിസിൽ 50% ജീവനക്കാർ. അടിയന്തര സർവീസുകൾ എല്ലാദിവസവും പ്രവർത്തിക്കണം. സ്വകാര്യ ഓഫിസുകൾ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ആൾകൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. റേഷൻ കടകളുടെ പ്രവർത്തന സമയം ചുരുക്കുന്നത് പരിശോധിക്കും. അതിഥി തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കും. കടകളുടെയും റസ്റ്റോറൻറുകളുടേയും പ്രവർത്തന സമയം 7.30 വരെ മാത്രം. 9 മണിവരെ ഭക്ഷണം പാഴ്സലായി നൽകാം.

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം ഇന്ന് തീരുമാനിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ലെന്നും സർവകക്ഷി യോഗം തീരുമാനിച്ചു.

കടകളുടെ പ്രവർത്തനം രാത്രി 7.30 വരെയെന്നത് തുടരണം. കോവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കും. രാത്രികാല കർഫ്യു തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല. അണികളെ രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കണം. ആരാധനലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ജില്ലാ കലക്ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല