1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 4650 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,67,630 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,72,895 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗ ബാധ സ്ഥിരീകരിവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 602
എറണാകുളം 564
മലപ്പുറം 529
തൃശൂര്‍ 503
കൊല്ലം 444
ആലപ്പുഴ 382
തിരുവനന്തപുരം 328
പത്തനംതിട്ട 317
കോട്ടയം 267
പാലക്കാട് 193
കണ്ണൂര്‍ 176
വയനാട് 143
കാസര്‍ഗോഡ് 124
ഇടുക്കി 78

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 590
എറണാകുളം 532
മലപ്പുറം 513
തൃശൂര്‍ 489
കൊല്ലം 438
ആലപ്പുഴ 378
തിരുവനന്തപുരം 208
പത്തനംതിട്ട 288
കോട്ടയം 252
പാലക്കാട് 111
കണ്ണൂര്‍ 137
വയനാട് 135
കാസര്‍ഗോഡ് 107
ഇടുക്കി 75

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 459
കൊല്ലം 780
പത്തനംതിട്ട 550
ആലപ്പുഴ 361
കോട്ടയം 539
ഇടുക്കി 263
എറണാകുളം 658
തൃശൂര്‍ 404
പാലക്കാട് 164
മലപ്പുറം 596
കോഴിക്കോട് 659
വയനാട് 151
കണ്ണൂര്‍ 217
കാസര്‍ഗോഡ് 40

2,47,780 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 949 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ശനിയാഴ്ച പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രോഗവ്യാപനം കുറയുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നതായാണ് കാണാനാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. “വ്യാഴാഴ്ചത്തെ കണക്ക് അനുസരിച്ച് 60178 പേരായിരുന്നു സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 63915 രോഗികളാണ് ഉണ്ടായിരുന്നത്. 3737 രോഗികളുടെ കുറവാണ് ഉണ്ടായത്. ഏകദേശം 5.8 ശതമാനം കുറവ് ഒരാഴ്ച കൊണ്ടുണ്ടായി. രോഗവ്യാപനം കുറയുന്ന പ്രവണത തന്നെയാണ് കാണുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം കണ്ടെത്താന്‍ കേരളം സ്വന്തമായി സിറോ പ്രിവലന്‍സ് പഠനം തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. ഐസിഎംആറിന്റെ പഠനം പ്രകാരം കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ ഉണ്ടായിട്ടുള്ളത്. ഐസിഎംആർ നടത്തിയ പ്രിവലൻസ് പഠനത്തിൽ ഒരു സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളും പഠനവിധേയമാക്കാറില്ല. എന്നാൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും പഠനം നടത്താനാണ് സർക്കാർ തീരുമാനം. സാംപിളുകൾ ശേഖരിക്കുകയാണ്. അന്തിമഫലം വൈകാതെ ലഭ്യമാകും.

കേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് സമഗ്രചിത്രം ലഭിക്കാൻ ഈ പഠനം സഹായിക്കും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗവ്യാപനം കുറഞ്ഞതോതിലും താമസിച്ചുമാണ് കേരളത്തിൽ ഉണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അതിനു മുൻപുള്ള മാസങ്ങളേക്കാൾ കൂടിയ നിരക്കിൽ രോഗം വ്യാപിച്ചു.

രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണു വാക്സിനേഷൻ. വാക്സിനേഷൻ സർക്കാർ തലത്തിൽ മുന്നോട്ട് പോകുകയാണ്. അത് ലഭ്യമാകുന്ന നിലയ്ക്ക് സ്വീകരിക്കാൻ എല്ലാവരും തയാറാകണം. അനാവശ്യ ആശങ്കകൾ വേണ്ട. വാക്സിനേഷനുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെയും ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.