1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2021

സ്വന്തം ലേഖകൻ: ആറു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി. ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’ ആണ് ആദ്യമെത്തുന്ന ചിത്രം. ഇതോടൊപ്പം ടോം ഹാർഡി നായകനായെത്തുന്ന ‘വെനം: ലെറ്റ് ദേർ ബി കാർനേജും’ ഇന്ന് കേരളത്തിലെ സിനിമാ ശാലകളിൽ പ്രദർശനത്തിനുണ്ട്. മലയാള സിനിമകളുടെ റിലീസിങ് അനിശ്ചിതത്വം ചര്‍ച്ച ചെയ്യാൻ ഫിലിം ചേംബര്‍‌ യോഗവും കൊച്ചിയിൽ പുരോഗമിക്കുകയാണ്.

പകുതി സീറ്റുകളിൽ ആയിരുന്നു പ്രവേശനം. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാണികളെ തിയറ്ററുകളിലേക്ക് പ്രവേശിപ്പിച്ചത്. ഷോയ്ക്ക് മുൻപുതന്നെ തിയറ്ററുകളിൽ അണുനശീകരണം നടത്തിയിരുന്നു. ആദ്യ ഷോ കാണാൻ കാണികൾ കുറവായിരുന്നു എങ്കിലും വൈകിട്ടത്തെ ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയിട്ടുണ്ട്.

ലോകവ്യാപകമായി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയാണ് ബോണ്ട് കേരളത്തിലുമെത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലും ചിത്രത്തിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടൻ ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്.

അതേസമയം ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ജോജു ജോർജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ‘സ്റ്റാർ’ ആണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രം. അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. ദുൽഖർ ചിത്രം ‘കുറുപ്പ്’, സുരേഷ് ​ഗോപി നായകനായെത്തുന്ന ‘കാവൽ’ തുടങ്ങിയ ചിത്രങ്ങളും നവംബറിൽ തീയേറ്റർ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സിനിമാ പ്രേമികൾ ഏറെ നാളായി ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഓടിടിയിൽ പ്രദർശനത്തിനെത്തുമോ എന്നത് ആരാധകരെയും തീയേറ്റർ ഉടമകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.

ആറു മാസങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തി സിനിമ കാണാനായതിന്‍റെ സന്തോഷം പ്രേക്ഷകരും പങ്കുവെച്ചു. വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്താനാണ് സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഫിലിം ചേംബർ യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.