1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2022

സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15-18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

വാക്‌സിന്‍ വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കും. അടിയന്തര സാഹചര്യങ്ങള്‍ക്കായി എല്ലാ സ്‌കൂളുകളിലും ആമ്പുലന്‍സ് സര്‍വീസുകള്‍ ഒരുക്കും. രക്ഷകര്‍ത്താക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു.

സംസ്ഥാനത്തെ 967 സ്‌കൂളുകളിലാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുക. ഓരോ ദിവസവും വാക്‌സിന്‍ എടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. വാക്‌സിന്‍ നല്‍കുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേകം മുറികള്‍ സജ്ജീകരിക്കും. സ്‌കൂളുകളില്‍ പി.ടി.എ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തണം.

ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന്‍ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും.

സ്‌കൂള്‍ അധികൃതര്‍ ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്‌സിനേഷന്‍ ദിവസത്തിന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.

അതേസമയം രാജ്യത്ത് കോവിഡ്-19 കേസുകൾ അതിവേഗം വർധിക്കുന്നതിനിടെ 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിക്കാൻ കേന്ദ്രം. ഫെബ്രുവരി അവസാനം അല്ലെങ്കിൽ മാർച്ച് ആദ്യത്തോടെ 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻ‌ടി‌എ‌ജി‌ഐ) ഇന്ത്യയുടെ കോവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻകെ അറോറ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.