1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2018

സ്വന്തം ലേഖകന്‍: പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിലും കൂടുതലെന്ന് മുഖ്യമന്ത്രി; ഇനി പുനരധിവാസത്തിനും പുനര്‍നിര്‍മാന്ത്തിനും മുന്‍ഗണന. കേരളത്തിന്റെ പുനര്‍നിര്‍മാണം എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നാം ഒന്നിച്ചുനിന്ന് അതിനെ നേരിടും. ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഇനിയുള്ളത് പുനരധിവാസവും പുനര്‍നിര്‍മാണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീടുകളിലേക്ക് തിരിച്ചപോകുന്നവര്‍ ഇറങ്ങിവന്ന വീടിന്റെ അവസ്ഥയിലേക്കല്ല തിരിച്ചെത്തുന്നത്. ഒന്നുമില്ലാത്ത അവസ്ഥയിലേക്കാണ് തിരിച്ചെത്തുന്നത്. അവര്‍ക്ക് പ്രാഥമികമായി വേണ്ട സഹായങ്ങള്‍ പ്രാദേശികമായി സമാഹരിച്ച് നല്‍കുന്നകാര്യം കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ 10,000 രൂപവീതം നല്‍കാനാണ് തീരുമാനം. അവധി ദിനങ്ങള്‍ കഴിഞ്ഞ് ബാങ്ക് തുറക്കുന്ന ദിവസംതന്നെ എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗൃഹോപകരണങ്ങളും നിരവധി വാഹനങ്ങളും നശിച്ചു. ഇവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ളവ ലഭിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ടാവരുത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തും. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. ഇതിന് പ്രയാസം നേരിടുന്ന സ്ഥലങ്ങളില്‍ കിയോസ്‌കുകളും ജലശുദ്ധീകരണ പ്ലാന്റുകളും അടക്കമുള്ളവ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രോഗങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാറ്റാന്‍ കഴിയാത്ത ആലപ്പുഴ, പറവൂര്‍, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ ചില സ്‌കൂളുകള്‍ നാളെ തുറക്കില്ലെന്നും പിണറായി പറഞ്ഞു. കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ മൃഗ സംരക്ഷണ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണം. ഏത് ദുരന്തത്തെയും അതിജീവിക്കാന്‍ നമ്മുടെ ഭരണയന്ത്രത്തിന് കഴിയുമെന്ന് തെളിയിക്കാന്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.