1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2018

സ്വന്തം ലേഖകന്‍: ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ധനമന്ത്രി; സാധിക്കാത്ത ജീവിനക്കാര്‍ അക്കാര്യം എഴുതി നല്‍കണം. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ അക്കാര്യം എഴുതി നല്‍കണമെന്നും സര്‍വീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

എന്നാല്‍ ഒരു മാസത്തെ ശമ്പളം നല്‍കുന്നില്ലെങ്കില്‍ വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാര്‍ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയില്‍പെടുത്താമെന്നും തോമസ് ഐസക് വ്യക്തമാക്കി. ജീവനക്കാരില്‍ പലരും പ്രളയദുരന്തത്തില്‍പെട്ടവരാണെന്നും അവരില്‍നിന്ന് ഇനിയും പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കളും ചൂണ്ടിക്കാട്ടി.

ഒരുമാസത്തില്‍ കൂടുതല്‍ ശമ്പളം നല്‍കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരവും നല്‍കണമെന്ന് അവര്‍ വാദിച്ചു. ഈ മാസം മുതല്‍ ശമ്പളം ഗഡുക്കളായി പിരിക്കാനിരിക്കെ ഇക്കാര്യത്തില്‍ ജനാധിപത്യപരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയം, ഭരണപക്ഷ സംഘടനകള്‍ പൊതുവില്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിനു നല്‍കുന്നതിന് സമ്മതം അറിയിച്ചു.

ലീവ് സറണ്ടര്‍ തുകയായി നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതു നല്‍കാമെന്നു മന്ത്രി പറഞ്ഞു. ഒരു തവണയായോ 10 മാസമായോ ശമ്പളം നല്‍കാന്‍ സൗകര്യമുണ്ട്. ഇങ്ങനെ നല്‍കുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ ആ തുക പിടിക്കുന്ന ശമ്പളത്തില്‍നിന്നു കുറയ്ക്കാന്‍ അവസരമുണ്ടാകും. പിഎഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിനു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം. വിവിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് രണ്ടുമൂന്നു ദിവസത്തിനകം ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.