1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2018

സ്വന്തം ലേഖകന്‍: മഹാപ്രളയം പാഠമായി; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക സേനാവിഭാഗം രൂപീകരിക്കാന്‍ അഗ്‌നിരക്ഷാസേന. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയ അഗ്‌നിരക്ഷാസേന മേധാവി എ.ഹേമചന്ദ്രന്‍ ഐപിഎസ് ഇതിനായി 62.72 കോടിരൂപയുടെ ഉപകരണങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപൊക്കം, പ്രളയം, കെട്ടിടം തകര്‍ന്നു വീഴല്‍, വാതകചോര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാന്‍ നൂറ് അംഗ കരുതല്‍ സേനയെ നിയമിക്കാനാണ് പദ്ധതി. ഇവര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും കമാന്‍ഡോ ഓപ്പറേഷന് പരിശീലനവും നല്‍കും. ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്കാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് പരിശീലനം നല്‍കുന്നതെങ്കിലും ഘട്ടംഘട്ടമായി സേനയുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍.പ്രസാദിനാണ് സേനാ രൂപീകരണത്തിന്റെ ചുമതല. ഭാവിയില്‍ എല്ലാ ജില്ലകളിലും പ്രത്യേക പരിശീലനം നേടിയ സേനാംഗങ്ങളെ ആധുനിക ഉപകരണങ്ങളോടൊപ്പം വിന്യസിക്കും. ഇവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പെടുത്തും.

ഏതു സ്ഥലത്തും സഞ്ചരിക്കാന്‍ കഴിയുന്ന അന്‍പതു വാഹനങ്ങള്‍, 375 സ്‌കൂബാ സെറ്റും ഡൈവിങ് സ്യൂട്ടും 30 ഫൈബര്‍ ബോട്ടും എന്‍ജിനും പ്രത്യേക സേനാവിഭാഗത്തിനു സഞ്ചരിക്കാന്‍ ആറ് വാഹനങ്ങള്‍, 100 ഹൈഡ്രോളിക് റെസ്‌കൂ ടൂള്‍ കിറ്റ്, ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ആറ് വാഹനം, കോണ്‍ക്രീറ്റ് പൊട്ടിക്കുന്നതിനുള്ള 60 ചുറ്റിക, 80 റബര്‍ ഡിങ്കി ഔട്ട് ബോര്‍ഡ് എന്‍ജിന്‍ എന്നിവ അടിയന്തരമായി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫയര്‍ ഫോഴ്‌സിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ജലത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും സ്‌കൂബാ ഡൈവിങിനും പരിശീലനം നല്‍കണം. ഇതിനായി ഫോര്‍ട്ടു കൊച്ചിയിലെ പരിശീലനകേന്ദ്രം വികസിപ്പിക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയ്‌നിങ് വാട്ടര്‍ റെസ്‌ക്യൂ എന്ന നിലയില്‍ സ്ഥാപനത്തെ ഉയര്‍ത്തണം.

സംസ്ഥാനത്ത് സിവില്‍ ഡിഫന്‍സ് രൂപീകരിച്ച് കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളണ്ടിയര്‍ സര്‍വീസ് ശക്തിപ്പെടണം. ഇതിനായി മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, നിര്‍മാണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി പദ്ധതിയുടെ ഭാഗമാക്കണം. അഗ്‌നിരക്ഷാസേനയില്‍ കൂടുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിക്കണമെന്നും അഗ്‌നിരക്ഷാസേന മേധാവി ആവശ്യപ്പെട്ടു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.