സ്വന്തം ലേഖകന്‍: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും; പ്രളയമുണ്ടാക്കിയ നഷ്ടം 300 കോടിയോളം. ബുധനാഴ്ച ഉച്ചക്ക് 2.05നാണ് റണ്‍വേയില്‍ ആദ്യ വിമാനമിറങ്ങുക. ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഉച്ചക്ക് എത്തുന്നത്. 3.25ന് ആദ്യം പറന്നുയരുന്നതും ഈ വിമാനം തന്നെയായിരിക്കും. 32 സര്‍വീസുകള്‍ ഇന്ന് നടക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചി നാവല്‍ ബേസില്‍ നിന്ന് ആരംഭിച്ച സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും. റണ്‍വേയില്‍ വെള്ളം കയറി സര്‍വീസ് നടത്താനാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും പ്രളയത്തില്‍ തകര്‍ന്നിരുന്നു. 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
വെള്ളം ഇറങ്ങിയതോടെ 20 മുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തകര്‍ന്ന മതില്‍ താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. കേടുപറ്റിയ നാലു കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം പൂര്‍വസ്ഥിതിയിലാക്കി. തകര്‍ന്ന സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം പ്രവര്‍ത്തനക്ഷമമാക്കി. ചെളിക്കെട്ടുണ്ടായ ഭാഗം വൃത്തിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല