1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2018

സ്വന്തം ലേഖകന്‍: കേരളത്തിന് സഹായപ്രവാഹം; ലോകത്തോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎഇ വാഗ്ദാനം ചെയ്ത ധനസഹായത്തിനെതിരെ മുഖം തിരിക്കുന്ന കേന്ദ്ര നിലപാടിനോട് പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ ഒറ്റയ്ക്കാവില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ തകര്‍ന്നു പോകരുത്. അതിജീവിക്കാനുളള കരുത്തുള്ളവരായി മാറണം. ഇതിനു സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ദുരന്തങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനല്ല, കൈപിടിച്ചുയര്‍ത്താനാണു സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ സാന്ത്വനിപ്പിക്കാനും പരാതികള്‍ കേള്‍ക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി. വ്യാഴാഴ്ച രാവിലെ 8.45ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി കാര്‍ ഉപേക്ഷിച്ച് കാല്‍നടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്. ചെങ്ങന്നൂരിലെ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി കോഴഞ്ചേരിയിലേക്കു പോയി.

അതേസമയം, പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി യുഎഇയുടെ സഹായം സ്വീകരിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രവാസ ലോകത്തും പ്രതിഷേധം ശക്തമാകുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകളായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഈ സഹായം നേരിട്ട് സ്വീകരിക്കാന്‍ സാധിക്കില്ല. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. 700 കോടി രൂപയുടെ സഹായമാണ് യുഎഇ കേരളത്തിനായി ആലോചിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യുഎഇയുടെയോ ഇന്ത്യയുടെയോ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം അറിയിച്ചിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള സംഭാഷണത്തെ ഉദ്ധരിച്ച് പ്രവാസി വ്യവസായി എം എ യൂസഫലി നല്‍കിയ വിവരമാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. വിവരം പുറത്തുവന്നത് മുതല്‍ യുഎഇ രാഷ്ട്രനേതാക്കളെ അഭിനന്ദിച്ചും സ്‌നേഹത്തിന് നന്ദി പറഞ്ഞും എല്ലാ മാധ്യമങ്ങളും പ്രത്യേക പേജുകള്‍തന്നെ പുറത്തിറക്കി.

എന്നാല്‍, വൈകീട്ടോടെ ഇത്തരം സഹായം സ്വീകരിക്കുന്നതില്‍ നിയമതടസമുണ്ടെന്ന സൂചനകള്‍ ഡല്‍ഹിയില്‍നിന്ന് പുറത്തുവന്നു. ഇതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ സാമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് മടിയെന്ന മട്ടില്‍ യുഎഇയിലെ അറബ് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ ഇന്ത്യയിലെ വിവാദം വാര്‍ത്തകളായി മാറുകയും ചെയ്തു.

പ്രളയമുണ്ടായ കേരളത്തിന് 500 കോടി രൂപ മാത്രം സഹായം പ്രഖ്യാപിച്ചതും നേരത്തേ നേപ്പാളിന് 2000 കോടി വരെ നല്‍കിയതുമെല്ലാം പ്രവാസലോകത്ത് ചര്‍ച്ചകളായി വളര്‍ന്നു. കേരളത്തോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമായാണ് പ്രവാസികള്‍ ഈ നടപടികളെ വിശേഷിപ്പിച്ചത്. കേരളത്തെയും മലയാളികളെയുംകുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞ നല്ല വാക്കുകളും വ്യാപകമായി പങ്കുവെക്കപ്പെട്ടു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.