1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2018

സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ 15,900 കോടി വായ്പയെടുക്കും; പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കേന്ദ്രത്തിന്റെ അനുമതി. ലോകബാങ്ക്, എ.ഡി.ബി., മറ്റ് ഉഭയകക്ഷി ഫണ്ടിങ് ഏജന്‍സികള്‍, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പ സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം.

പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഭീമമായ തുക ചെലവിടേണ്ട സാഹചര്യം കണക്കിലെടുത്ത് വാര്‍ഷിക പദ്ധതിവിഹിതത്തില്‍ 20 ശതമാനംവരെ കുറവു വരുത്തും. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം എന്നിവ ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും വാര്‍ഷികപദ്ധതിയുടെ 20 ശതമാനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതി, വിദേശസഹായ പദ്ധതി, നബാര്‍ഡ് എന്നിവയ്ക്കുള്ള സംസ്ഥാനവിഹിതത്തെ പദ്ധതി വെട്ടിക്കുറവില്‍നിന്ന് ഒഴിവാക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊതുമരാമത്ത് റോഡുകള്‍, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതുസ്ഥാപനങ്ങള്‍, ആരോഗ്യമേഖല, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളുടെ പുനനിര്‍മാണത്തിന് തുക വിനിയോഗിക്കും. 15,882 കോടി രൂപ ഈ മേഖലകള്‍ക്കായി വേണ്ടിവരും.

കാര്‍ഷികമേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടംകൂടി കണക്കാക്കാത്തതില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എതിര്‍പ്പറിയിച്ചു. തുടര്‍ന്ന് ആ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് വിഭവസമാഹരണ സാധ്യത പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, മറ്റു ഉഭയകക്ഷി ഏജന്‍സികള്‍ എന്നിവയില്‍നിന്ന് വായ്പ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അറിയിപ്പിനെത്തുടര്‍ന്ന് ലോകബാങ്ക് എ.ഡി.ബി. സംഘം സെപ്റ്റംബര്‍ 12 മുതല്‍ 20 വരെ സംസ്ഥാനം സന്ദര്‍ശിച്ചു. ഇതിന്റെ കരട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇതു പരിഗണിച്ചാണ് മന്ത്രിസഭാതീരുമാനം. അന്തിമ റിപ്പോര്‍ട്ട് ലോകബാങ്ക് എ.ഡി.ബി. സംഘം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും.

പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി. ഇതു സംബന്ധിച്ച, മന്ത്രാലയത്തിന്റെ കത്ത് വ്യാഴാഴ്ച നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന് ലഭിച്ചു. കുട്ടനാടുപോലുള്ള താഴ്ന്നപ്രദേശങ്ങളിലെ പുനര്‍നിര്‍മാണങ്ങളില്‍ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിനെ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.