സ്വന്തം ലേഖകന്‍: ഇനി പുനര്‍നിര്‍മ്മാണത്തിന്റെ നാളുകള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞുകിട്ടിയത് 210 കോടി; പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും. സംസ്ഥാനത്ത് 3,274 ക്യാമ്പുകളിലായി 10,28,073 ആളുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 4,51,929 സ്ത്രീകളും 3,99,649പുരുഷന്‍മാരുമാണ്. 12 വയസിന് താഴെയുള്ള 1,76,495 കുട്ടികളും ക്യാമ്പിലുണ്ട്.
പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇത് കൂടാതെ ഈ മാസം പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ജി.എസ്.ടിയില്‍ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
ഓണ്‍ലൈന്‍ വഴി ലഭിച്ച 45 കോടി ഉള്‍പ്പെടെ 210 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത്. 160 കോടിയുടെ സഹായ വാഗ്ദാനവും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത ഘട്ടത്തില്‍ ആര്‍ഭാടപൂര്‍ണമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. വിവാഹം പോലുള്ളവ ചടങ്ങുകള്‍ മാത്രമായി നടത്തി, ആര്‍ഭാടത്തിനു ചിലവാക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസത്തിനെന്ന പേരില്‍ ഫണ്ട് ശേഖരിക്കാന്‍ തെറ്റായ രീതികള്‍ സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം നടപടികള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല