1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2018

സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തിന് 25 കോടിയുടെ ധനസഹായം നല്‍കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വെള്ളം മലിനമാകാന്‍ സാഹചര്യം ഉള്ളതിനാല്‍ 2.50 കോടി രൂപയുടെ ആര്‍ഒ മെഷീനുകളും കേരളത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് തെലങ്കാനയിലെ ജനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ദില്ലി, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സര്‍ക്കാരുകള്‍ കേരളത്തിന് 10 കോടി വീതം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് വീണ്ടും സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. അഞ്ചു കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതു കൂടാതെ 500 മെട്രിക്ക് ടണ്‍ അരി, 300 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 15,000 ലിറ്റര്‍ പാല്‍, വസ്ത്രങ്ങള്‍, പുതപ്പ് എന്നിവയും കേരളത്തിലേക്ക് എത്തിക്കും.

മരുന്നുകളുമായി ഡോക്ടര്‍മാരുടെ സംഘത്തെയും തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. മുന്‍പ് അഞ്ച് കോടി രൂപ തമിഴ്‌നാട് കേരളത്തിനു നല്‍കിയിരുന്നു. പ്രളയ ദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി ആംആദ്മി പാര്‍ട്ടി. ആംആദ്മി പാര്‍ട്ടിയുടെ എല്ലാ ജനപ്രതിനിധികളും മന്ത്രിമാരും ഒരു മാസത്തെ ശന്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 10 കോടി രൂപ കേരളത്തിന് ധനസഹായം നല്‍കിയതായും കഴിഞ്ഞ ദിവസം കെജ്രിവാള്‍ അറിയിച്ചിരുന്നു.

പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 20 കോടി രൂപ ധനസഹായമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേരളത്തിന് എല്ലാ വിധ പിന്തുണയും അറിയിച്ച ഫട്‌നാവിസ് സഹായവുമായി എല്ലാവരും മുന്നോട്ടു വരണമെന്നും അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ പഞ്ചാബ്, ഡല്‍ഹി, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ 10 കോടിയും തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ അഞ്ച് കോടിയും നല്‍കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.