1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2020

സ്വന്തം ലേഖകൻ: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി. ആറ് ദിവസത്തെ സാവകാശമാണ് ഇഡിയോട് ബിനീഷ് ചോദിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി.

സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നു നോട്ടീസ്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റിനോട് ബിനീഷ് കോടിയേരി സാവകാശം ചേദിച്ചത്. സാവകാശം നല്‍കാനാവില്ലെന്ന ഇഡി അറിയിക്കുകയായിരുന്നു. ഇന്ന് തന്നെ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടർന്നാണ് പറഞ്ഞ സമയത്തിനു മുമ്പെ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്.

ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിരുവനന്തപുരത്തെ യുഎഎഫ് എക്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടര്‍മാരിലൊരാളായിട്ടുള്ള അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന വിവരഹ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകള്‍ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.

2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകള്‍ ഈ കമ്പനികളുടെ മറവില്‍ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.

മയക്കുമരുന്ന് സംഘങ്ങളുമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന വിവരവുമുണ്ട്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നല്‍കിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തു വന്നിരുന്നു.

അതിനിടെ കള്ളപ്പണ, മയക്കുമരുന്ന് കേസുകളുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. ഇതിന്റെ ഭാഗമായി 2019 -20ല്‍ റിലീസ് ചെയ്ത സിനിമകളുടെ വിവരം തേടി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കി.

സമഗ്രമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. 192 സിനിമകളാണ് 2019 ല്‍ റിലീസ് ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് 2020 ല്‍ സിനിമാ മേഖല നിശ്ചലമായെങ്കിലും തിയേറ്ററുകള്‍ അടയ്ക്കുന്നത് വരെ റിലീസുകളുണ്ടായിരുന്നു.

സിനിമാ നിര്‍മാണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നാണിപ്പോള്‍ പരിശോധിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് 2019-20 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെ തേടി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയത്.

നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍, വിജയിച്ച ചിത്രങ്ങളുടെ പട്ടിക, നിര്‍മാണ ചെലവ്, താരങ്ങളുടെ പ്രതിഫലം മുതലായവ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.