
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഫൈസല്‍ ഫരീദ് അറസ്റ്റില്‍. ദുബായ് പോലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അറസ്റ്റിലായ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
ദുബായ് റഷീദിയ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദുബായ് പൊലീസ് ഇയാളെ ചോദ്യം ചെയ്തതായും വിവരമുണ്ട്. ഫൈസലിനെ ഈയാഴ്ച തന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍. ഇയാള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍ പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദ് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്ന് വരികയായിരുന്നു. ഇതിനിടെ ഇയാള്‍ യു.എ.ഇയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. എ്ന്നാല്‍ പിന്നീട് ഇയാള്‍ ഒളിവില്‍ പോയെന്ന് കസ്റ്റംസ് അറയിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ആകെ കടത്തിയത് 230 കിലോ സ്വര്‍ണ്ണം, പിടികൂടിയത് 30 കിലോ മാത്രം
സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വര്‍ണം പിടിച്ചത്. സ്വര്‍ണ്ണക്കടത്തിന് മുന്‍പ് ഡമ്മി പരീക്ഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല