1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. സ്വപ്നയേയും സന്ദീപിനേയും കൂട്ടി രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന്‌ കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ഫ്‌ളാറ്റില്‍ അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി. ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്ന വിവിധ സ്ഥലങ്ങളില്‍ അന്വേഷണസംഘമെത്തി.

ഹെദര്‍ ഫ്ലാറ്റ്, കേശവദാസപുരത്തുള്ള റോയല്‍ ഫര്‍ണിച്ചര്‍ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപം ക്ഷേത്രത്തിന് പിന്നിലെ വീട്, മരുതംകുഴിയിലെ വീട്, ഹെദര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്. അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതിനുശേഷം പോലീസ് ക്ലബ്ബിലെ എന്‍ഐഎ സംഘത്തിന്റെ ക്യാമ്പിലെത്തിച്ചു.

അതിനിടെ ര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ മൊഴി.

ദീര്‍ഘകാലമായി ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നും സരിത്ത് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ ദിവസം എം ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും.

സരിത്തും ശിവശങ്കറും തമ്മില്‍ ഫോണ്‍ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോണ്‍ രേഖകളിലൂടെ വ്യക്തമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ഫോണ്‍ ബന്ധം, പ്രതികള്‍ക്ക് വേണ്ടി ഹെദര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ ഇടപെട്ടു, സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ മാനേജര്‍ തസ്തികയിലെ നിയമന ശുപാര്‍ശ തുടങ്ങിയ ആരോപണങ്ങളാണ് നിലവില്‍ ശിവശങ്കറിനെതിരെ നിലനില്‍ക്കുന്നത്.

ശിവശങ്കര്‍ സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്നും കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനം വഴികടക്കാന്‍ ശ്രമിച്ചാലും പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്. ഫൈസല്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്റര്‍ പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഫൈസലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് ബാങ്ക് പാസ്ബുക്കുകളും ലാപ്‌ടോപും പിടിച്ചെടുത്തിട്ടുണ്ട്.
ഈ ബാങ്കുകളിലും ഇന്ന് പരിശോധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫൈസലിന് ഈ ബാങ്കുകളില്‍ ലോക്കറുകളുണ്ടോ എന്നും പരിശോധിക്കും. ഫൈസലിന്റെ കയ്പമംഗലത്തെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ വീട് ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഫൈസല്‍ ഫരീദിന് യു.എ.ഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ വിട്ട് പുറത്ത് പോകാന്‍ പാടില്ല. യുറോപ്പിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.

നേരത്തെ ഫൈസല്‍ ഫാരിദിന് കൊച്ചി എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ യു.എ.ഇയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.