1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2020

സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ വിട്ടു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ദല്‍ഹിയിലെത്തിയ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ, രണ്ട് ദിവസം മുന്‍പാണ് യു.എ.ഇയിലേക്ക് പോയത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് പ്രതികളുടെ മൊഴിയില്‍ നിന്നും പ്രതി സ്ഥാനത്ത് നില്‍ക്കുന്ന അറ്റാഷെ രാജ്യം വിട്ടത്.

സ്വര്‍ണം കണ്ടെത്തിയ പാഴ്‌സല്‍ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ എംബസിയുടെ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് അറ്റാഷെ രാജ്യം വിട്ടത്. ജാമ്യാപേക്ഷയിലും മറ്റും സ്വപ്‌നയും സന്ദീപും അറ്റാഷെയുടെ പേരിലായിരുന്നു ബാഗേജ് വന്നതെന്നും ഇതിനുള്ളില്‍ എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞിരുന്നു.

ബാഗ് തുറന്ന് പരിശോധിക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. ബാഗ് തിരിച്ചയക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയ ശേഷമായിരുന്നു കസ്റ്റംസ് ബാഗ് തുറന്നത്. അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു ബാഗ് തുറന്നുപരിശോധിച്ചത്. റഷീദ് ഖാമിസ് അൽ അഷ്മിയയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രധാന കണ്ണി ഫൈസൽ ഫരീദിന്‍റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടി. ഇപ്പോൾ യുഎഇയിൽ ഉള്ള ഫൈസൽ ഫരീദ് സ്വര്‍ണ്ണ കള്ളക്കടത്തിൽ പ്രധാന കണ്ണികളിലൊരാളാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഈ നടപടി.

എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കർ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായി കമ്മറ്റി കണ്ടെത്തി. ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം തുടരും. ഓൾ ഇന്ത്യ സർവീസിന് നിരക്കാത്ത പ്രവർത്തനം ഉണ്ടായതിനാലാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിലെ വിശദാംശങ്ങൾ പരിശോധിച്ചശേഷം മറ്റു കാര്യങ്ങൾ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.