1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2020

സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വിവരം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷൻ ബ്യൂറോയെയും യുഎഇ സർക്കാരിനെയും അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ ദുബായിലുള്ള പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നടപടി. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തതായും അറിയുന്നു. നാടുകടത്തലിന് യുഎഇ ഉടൻ നടപടിയെടുക്കുമെന്നാണു സൂചന.

ഫൈസലിനെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യുഎഇയും തമ്മിൽ 1999 ൽ ഒപ്പുവച്ച ഉടമ്പടിയുണ്ടെങ്കിലും കാലതാമസം വരാം. എന്നാൽ, നാടുകടത്താൻ ഇന്ത്യ അഭ്യർഥിച്ചാൽ യുഎഇ വേഗത്തിൽ നടപടിയെടുക്കാറുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദിന്റെ തൃശ്ശൂർ കയ്പമംഗലത്തെ മൂന്നുപീടികയിലുള്ള വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളോ മറ്റോ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന് അറിയാനാണ് റെയ്‌ഡ് നടത്തുന്നത്. ഈ വീട് കഴിഞ്ഞ രണ്ടര വർഷമായി അടഞ്ഞുകിടക്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ഫൈസൽ ഫരീദും കുടുംബവും ഈ വീട്ടിലേക്ക് എത്തുന്നത്. അതിന് ശേഷം ഗൾഫിലേക്ക് പോയ ഇവർ പിന്നീട് തിരിച്ചു വന്നില്ല.

അതിനിടെ യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ കൈ മുറിച്ച നിലയിൽ വീടിനു സമീപത്തെ പറമ്പിൽ കണ്ടെത്തി. ബൈക്കിൽ പോയ നാട്ടുകാരനാണു റോഡരികിൽ ജയഘോഷിനെ കണ്ടത്. താൻ തെറ്റു ചെയ്തിട്ടില്ലെന്നും സ്വർണക്കടത്തിൽ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ജയഘോഷ് മാധ്യമങ്ങളോടു പറഞ്ഞു.

കോൺസൽ ജനറൽ ഇല്ലാത്തതിനാൽ ജയഘോഷ് സ്ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. സ്വർണക്കടത്തിന്റെ വാർത്തകൾ വന്നശേഷം അസ്വസ്ഥനായിരുന്നു. തന്നെയും കുടുക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കളോട് പറഞ്ഞിരുന്നു. സഹപ്രവർത്തകരിൽ ചിലർ സ്വർണക്കടത്തു കേസിന്റെ പേരിൽ കളിയാക്കിയതും ജയഘോഷിനെ വിഷമിപ്പിച്ചെന്നു പൊലീസ് പറഞ്ഞു.

യുഎഇ കോൺസുലേറ്റിലെ ഭരണച്ചുമതലയുണ്ടായിരുന്ന ഷാർഷ് ദ് അഫയ്ർ റാഷിദ് ഖമീസ് അലി മുസാഖിരി അൽ ഷെമെയ്‌ലി ദുബായിലേക്കു മടങ്ങി വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തായത്. യുഎഇ എംബസിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തു നിന്നു ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം അവിടെ നിന്നാണ് ഇന്ത്യ വിട്ടത്.

കസ്റ്റംസ് പിടികൂടിയ സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് ഷെമെയ്‌ലിയുടെ വിലാസത്തിലാണ് എത്തിയത്. എന്നാൽ ഫോൺ നമ്പർ കോൺസുലേറ്റ് മുൻ പിആർഒയും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. സരിത്തിന്റേതായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.