1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2017

സ്വന്തം ലേഖകന്‍: യുഡിഎഫ് സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചു, ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ബാറുകള്‍ തുറക്കും. പൂട്ടിപ്പോകുന്ന മറ്റുള്ളര്‍ക്ക് പകരമായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. ദേശീയ സംസ്ഥാന പാതകള്‍ക്ക് 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിര്‍ത്തേണ്ടിവന്ന സാഹചര്യത്തില്‍ മറികടക്കാന്‍ പാതയോരത്തുനിന്ന് 500 മീറ്റര്‍ ദൂരത്തില്‍ അതേ താലൂക്കില്‍ മറ്റൊരു കെട്ടിടത്തില്‍ ആരംഭിക്കാനും അനുമതി നല്‍കി.

ഇവയടക്കം സുപ്രധാന മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന മദ്യനയം മുന്നണിയോഗവും തൊട്ടുപിന്നാലെ ചേര്‍ന്ന മന്ത്രിസഭയോഗവും അംഗീകരിച്ചു. മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 വയസ്സായി ഉയര്‍ത്തി. ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തി. പുതിയ നയം ജൂലൈ ഒന്നിന് നിലവില്‍വരും. മദ്യനിരോധനമല്ല മദ്യവര്‍ജനത്തിനാണ് സര്‍ക്കാറിന്റെ ഊന്നലെന്ന് വാര്‍ത്ത സമ്മേളനത്തില്‍ നയം വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധം പ്രായോഗികമല്ലെന്നും യു.ഡി.എഫിന്റെ മദ്യനയം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയുടെ നയം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഒരു ഒളിച്ചുകളിയുമില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായി മദ്യനിരോധനം നടപ്പാക്കണമെന്ന നിലപാടുള്ളവരുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നു.

എന്നാല്‍, അത് കേരളത്തില്‍ പ്രായോഗികമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരം നിലപാടിലേക്ക് പോകേണ്ടിവന്നത്. ഇത് മനസ്സിലാക്കി മദ്യവര്‍ജന നടപടികളുമായി അവരും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് നേരത്തെ അനുമതി നല്‍കിയിരുന്നു. ത്രി സ്‌ററാറിനും അതിനു മുകളിലും ഉള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ അനുമതി നല്‍കാനും നയത്തില്‍ വ്യവസ്ഥയുണ്ട്.

ഒരാള്‍ക്ക് ഒരുസമയം വാങ്ങാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററായി തുടരും. ബാറുകളുടെ പ്രവൃത്തിസമയം ഇപ്പോള്‍ രാവിലെ 9.30 മുതല്‍ രാത്രി 10 വരെ എന്നുള്ളത് രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി. എന്നാല്‍, വിനോദസഞ്ചാര മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 വരെയായിരിക്കും. വിമാനത്താവളങ്ങളില്‍ രാജ്യാന്തര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും. നയം അടുത്തമാസം ഒന്നിനു പ്രാബല്യത്തിലാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.