1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2024

സ്വന്തം ലേഖകൻ: കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

ഗൾഫിൽ പെരുന്നാൾ ബുധനാഴ്ച. ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്. ഇതോടെ റമദാൻ 30 ദിനം പൂർത്തിയാക്കി ഗൾഫിൽ പെരുന്നാൾ ബുധനാഴ്ചയായിരിക്കും. ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാണ് പ്രഖ്യാപനം. ഒമാനിൽ റമദാൻ 29 ദിനം പൂർത്തിയാവുക നാളെയാണ്. അതിനാൽ മാസപ്പിറവി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാളെയാകും ഒമാനിലെ പ്രഖ്യാപനം. മക്കയിലും മദീനയിലും ഉൾപ്പെടെ സൗദിയിലുടനീളം പെരുന്നാൾ നമസ്‌കാരവും ഈദ്ഗാഹുകളുമുണ്ടാകും.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ പൊതു-സ്വകാര്യ മേഖലയില്‍ ഒരാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ ദിന അവധികള്‍ കൂട്ടി ഒന്‍പത് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഏപ്രില്‍ എട്ടിന് ചെറിയ പെരുന്നാള്‍ അവധി ആരംഭിച്ചു. ഏപ്രില്‍ 14വരെയാണ് അവധി. 15-ാം തീയതി തിരികെ ജോലിയില്‍ പ്രവേശിക്കണം. ഈ വര്‍ഷം യുഎഇയില്‍ ലഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ചെറിയ പെരുന്നാളിന് അനുവദിച്ചിരിക്കുന്നത്.

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ ചെറിയ പെരുന്നാള്‍ അവധി ഏപ്രില്‍ ഏഴിന് ആരംഭിച്ചു. ഏപ്രില്‍ 15വരെയാണ് അവധി ലഭിക്കുക. ഖത്തറില്‍ ഈ വര്‍ഷം 11 ദിവസമാണ് അവധി ദിനങ്ങള്‍. സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം അവധി ബാധകമാണ്.

സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 11വരെയാണ് ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രില്‍ 14ന് തിരികെ ജോലിയില്‍ പ്രവേശിക്കണം.

കുവൈത്തില്‍ അഞ്ചു ദിവസമാണ് ചെറിയ പെരുന്നാള്‍ അവധി ലഭിക്കുക. ഏപ്രില്‍ ഒമ്പത് മുതല്‍ 13 വരെയാണ് അവധി. ഏപ്രില്‍ 14 മുതല്‍ പ്രവ്യത്തി ദിനമായിരിക്കും. വാരാന്ത്യ ദിനങ്ങളുടെ അവധി കൂടി കൂട്ടിയാണ് അഞ്ചുദിവസം ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

ബഹ്‌റൈനില്‍ ചെറിയ പെരുന്നാള്‍ ദിനത്തിലും ശേഷം രണ്ട് ദിവസവുമാണ് അവധി ലഭിക്കുക. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ റലീഫയാണ് അവധി പ്രഖ്യാപിച്ചത്. പെരുന്നാള്‍ അവധി ദിനങ്ങളിലേതെങ്കിലും ദിവസം വാരാന്ത്യ അവധിയായി വന്നാല്‍ പകരം പ്രവൃത്തി ദിവസം അവധിയായിരിക്കും.

ഒമാനില്‍ ചെറിയ പെരുന്നാളിന് പൊതു-സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 11വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ ദിനങ്ങള്‍ ഉള്‍പ്പടെ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് അവധി ദിനങ്ങള്‍ കുറവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.