1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2020

സ്വന്തം ലേഖകൻ: കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന. കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 200–400 ദിർഹം (4000-8000 രൂപ) വരെ വർധിച്ച് 700 മുതൽ 900 ദിർഹം വരെയായി. അടുത്ത ആഴ്ച ഇത് 400–800 ദിർഹം (8000–16000 രൂപ) കൂടി 1100 മുതൽ 1700 വരെയാകും.

വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയർലൈനുകളുടെ നിരക്കിൽ വ്യത്യാസമുണ്ട്. എന്നാൽ യാത്രക്കാരില്ലാത്ത ചില ദിവസങ്ങളിൽ അൽപം കുറയും. 24–48 മണിക്കൂറിനകമാണ് യാത്ര തീരുമാനിക്കുന്നതെങ്കിൽ ടിക്കറ്റിനു ഇരട്ടിയിലേറെ തുക നൽകേണ്ടി വരും. അതുകൊണ്ടുതന്നെ പ്രവാസികൾക്കു നാട്ടിൽ ക്രിസ്മസ്, പുതുവർഷം ആഘോഷിക്കണമെങ്കിൽ ചെലവേറും.

വന്ദേഭാരത് വിമാന സർവീസുകൾ മാർച്ച് വരെ നീട്ടിയതോടെ പുതുവർഷത്തിൽ സാധാരണ വിമാന സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റു. കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയിൽ 10ന് സ്കൂളുകൾ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി. കൂടാതെ വീസ നിയമലംഘകർക്കു രാജ്യം വിടാനുള്ള സമയപരിധി ഡിസംബറിൽ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.

നേരത്തേ ദുബായിൽനിന്നു കൊച്ചിയിലേക്കു മാത്രം എമിറേറ്റ്സ് എയർലൈന് ആഴ്ചയിൽ ആഴ്ചയിൽ 14 സർവീസ് ഉണ്ടായിരുന്നിടത്ത് എയർ ബബിൾ കരാർ പ്രകാരം 5 വിമാനം മാത്രം. മറ്റു എയർലൈനുകളുടെ സർവീസും ആനുപാതികമായി കുറഞ്ഞു.

നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ് എയർവേയ്സ് വിമാനങ്ങളാണ് ഇന്ത്യയിലേക്കു സർവീസ് നടത്തുന്നത്. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ് ഇല്ലാത്തതാണു നിരക്കു വർധനയ്ക്കു കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.