1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2022

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പില്‍, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാലാം തീയതി എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

രണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും മൂന്നാംതീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും അഞ്ചാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

നിറപുത്തരി ചടങ്ങിനായി ശബരിമല നട നാളെ തുറക്കും. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലും സംസ്ഥാനത്ത് ഇന്നു അഞ്ച് മരണം. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ നുമ തസ്മിൻ (3), രാജേഷ് (45) എന്നിവർ മരിച്ചു. മുണ്ടക്കയം കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട റിയാസിന്റെ മൃതദേഹം കണ്ടെത്തി. കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതയ പൗലോസിന്റെയും മുളന്തുരുത്തിയിൽ കാണാതായ അനീഷിന്റെയും മൃതദേഹം കണ്ടെത്തി. ഇതോടെ ആകെ മരണം പന്ത്രണ്ടായി. പത്തനംതിട്ട ജില്ലയിൽ 4 പേരും തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണു കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്

തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളിയിൽ ഉൾപ്പെടെ ശക്തമായ ഒഴുക്കാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.