1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2022

സ്വന്തം ലേഖകൻ: സംസ്‌ഥാനത്ത് മിൽമ പാലിന് ലീറ്ററിന് 6 രൂപ കൂട്ടാൻ തീരുമാനം. വില വർധിപ്പിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. വർധന എന്ന് മുതലാണെന്നു മിൽമ ചെയർമാന് തീരുമാനിക്കാം. പാൽ വിലയിൽ 5 രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് 6 രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

സർക്കാർ അനുമതി ലഭിച്ചാൽ വർധന ഉട‍ൻ തന്നെ നടപ്പാക്കാനാണു മിൽമ ആലോചിച്ചത്. എന്നാൽ മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്നാണു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും. പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ.

അത്രയും തുക ഒറ്റയടിക്ക് വർധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 6 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചത്. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപ‍വുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകർഷകരുടെ ആവശ്യം.

ക്ഷീര കര്‍ഷകരുടെ മുടങ്ങിപ്പോയ ഇൻസന്റീവ് ഈ മാസംതന്നെ കൊടുത്തുതീര്‍ക്കുമെന്നു മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചു വരെ നല്‍കാനും തീരുമാനമായി. കര്‍ഷകര്‍ക്കു നല്‍കുന്ന വിലയുടെ പട്ടികയും പരിഷ്‌കരിക്കും. പാലിനു മെച്ചപ്പെട്ട വിലകിട്ടാതായതോടെ നടുവൊടിഞ്ഞ കര്‍ഷകനു കൈത്താങ്ങായാണ് ലീറ്ററിനു നാലു രൂപ ഇൻസന്റീവ് നല്‍കാന്‍ തീരുമാനിച്ചത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ നല്‍കുമെന്നാണ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചത്. എന്നാല്‍ ആദ്യമാസം നല്‍കിയ ഇൻസന്റീവ് പിന്നീട് നല്‍കിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.