1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2022

സ്വന്തം ലേഖകൻ: പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംബർ നേടിയ അനൂപ്. രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും അനൂപ് പറയുന്നു. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി.

ആളുകളെ സഹായിക്കാന്‍ മനസ്സുണ്ടെന്നും എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് പണം ഉപയോഗിക്കില്ലെന്നാണ് തീരുമാനമെന്നും തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് പറയുന്നു. മാധ്യമങ്ങളിലൂടെ തന്നെ കണ്ട് പരിചയമായതുകാരണം ഇപ്പോള്‍ ഒരിടത്തും പോകാന്‍ കഴിയുന്നില്ല. വീടിന് പുറത്ത് ഗേറ്റിന് മുന്നില്‍ വന്ന് ആളുകള്‍ തട്ടുകയാണെന്നും അനൂപ് പറയുന്നു. പണം കിട്ടിയില്ലെന്ന് പറഞ്ഞാലും ആളുകള്‍ വിടാതെ പിന്തുടരുന്നത് കാരണം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

ഓണം ബമ്പര്‍ അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ ഓരോ ദിവസം കഴിയുംമ്പോഴും അവസ്ഥ മാറി വരികയാണ്. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ല. കുട്ടിക്ക് സുഖമില്ലാതായിട്ട് പോലും ആശുപത്രിയില്‍ പോകാന്‍ കഴിയുന്നില്ല. സ്വന്തം വീടുവിട്ട് ഓരോ ബന്ധുക്കളുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. എവിടേക്ക് മാറിയാലും ആളുകള്‍ സ്ഥലം കണ്ടെത്തി അവിടേക്ക് വരുന്നു.

എന്തെങ്കിലും താ മോനെ എന്ന് പറഞ്ഞ് രാവിലെ മുതല്‍ ആളുകള്‍ എത്തും. എല്ലാവരോടും പറയാനുള്ളത് എനിക്ക് ഇതുവരെ പണം കിട്ടിയിട്ടില്ലെന്നതാണ്. ഇത്രത്തോളം ആയി മാറും അവസ്ഥയെന്ന് അറിയില്ലായിരുന്നു. പണം കിട്ടിയാലും ടാക്‌സ് സംബന്ധിച്ച ഒരു കാര്യവും അറിയില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പണം ഉപയോഗിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. കോടീശ്വരന്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് വരാന്‍ കഴിയുന്നില്ല.

തന്നെ അന്വേഷിച്ച് വരുന്നവരുടെ ശല്യം കാരണം അയല്‍വാസികള്‍ പോലും ഇപ്പോള്‍ ശത്രുക്കളായി മാറി. ഇത്രയും വലിയ സമ്മാനം കിട്ടേണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ആളുകളെ സഹായിക്കാന്‍ തനിക്ക് മനസ്സുണ്ട്. പക്ഷേ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, വീഡിയോയില്‍ അനൂപ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.