സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ സര്‍ക്കാരുകള്‍ ആരു ഭരിക്കുമെന്ന് ഇന്നറിയാം, വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. തദ്ദേശ തിരഞ്ഞടുപ്പു ഫലം ഉച്ചയോടെ പൂര്‍ണമായും അറിയാന്‍ കഴിയും. സംസ്ഥനത്തുടനീളം 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.
ഓരോ ബ്ലോക്കിലെയും നഗരസഭകളിലെയും വിതരണ, സ്വീകരണ കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ സജ്ജീകരിച്ചിരിക്കുന്നത്. േൃലnd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നു ഫലമറിയാം. ഫലം തല്‍സമയം ലഭ്യമാക്കാന്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും അപ്‌ലോഡിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഓരോ മെഷീനിലെയും വോട്ടിന്റെ കണക്കെടുക്കുമ്പോള്‍ തന്നെ വെബ്‌സൈറ്റിലും ലഭ്യമാക്കുന്ന തരത്തിലാണു ക്രമീകരണങ്ങള്‍.
പോസ്റ്റല്‍ ബാലറ്റ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണു വോട്ടെണ്ണല്‍. എട്ടരയ്ക്കു മുന്‍പ് ഗ്രാമപഞ്ചായത്തുകളുടെയും ഏറ്റവുമൊടുവില്‍, ഉച്ചയോടെ ജില്ലാ പഞ്ചായത്തുകളുടെയും ഫലമറിയാം. എട്ടു പോളിങ് ബൂത്തുകള്‍ക്ക് ഒരു വോട്ടെണ്ണല്‍ മേശയെന്ന തരത്തിലാണു ക്രമീകരണം. ഓരോ പോളിങ് സ്റ്റേഷന്റെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ ഫലം രേഖപ്പെടുത്തുകയും വൈബ്‌സൈറ്റിലേക്കു കൈമാറുകയും ചെയ്യും.
അതേസമയം, മലപ്പുറം ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടിങ് യന്ത്ര നിര്‍മാതാക്കളായ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണ നടപടികളുടെ ഭാഗമായിട്ടാണിത്. വോട്ടെണ്ണല്‍ കഴിയുന്ന മുറയ്ക്ക്, കൗണ്‍സില്‍ യോഗം വിളിച്ചു തദ്ദേശ സ്ഥാപനങ്ങളിലേക്കുളള അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തിരഞ്ഞെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല