1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2015

സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 76% പോളിംഗ്, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്. ഔദ്യോഗിക പോളിംഗ് സമയം അവസാനിക്കുന്ന വൈകുന്നേരം അഞ്ചു മണിക്കു ശേഷവും പോളിംഗ് ബൂത്തുകളില്‍ നീണ്ട നിര ദൃശ്യമായിരുന്നു. കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്, 80 ശതമാനം.

തിരുവനന്തപുരം (72), കൊല്ലം (74), ഇടുക്കി (75), കോഴിക്കോട് (75) വയനാട് (80), കണ്ണൂര്‍ (76), കാസര്‍ക്കോട് (77) എന്നിങ്ങിനെയാണ് വോട്ടിഗ് ശതമാനം. വോട്ടിംഗ് ആരംഭിച്ച രാവിലെ ഏഴ് മണി മുതല്‍ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് രാവിലെ മഴ വോട്ടിംഗിന്റെ വേഗം അല്‍പം കുറച്ചെങ്കിലും ഉച്ചയോടെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തി. ആദ്യ മണിക്കൂറുകളില്‍ വടക്കന്‍ ജില്ലകളിലായിരുന്നു കനത്ത പോളിങ്. എന്നാല്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും തെക്കന്‍ ജില്ലകളിലും സമാനസ്ഥിതിയായി.

വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. കണ്ണൂരില്‍ സ്ഥാനാര്‍ഥിക്കുനേരെ കൈയേറ്റമുണ്ടായി. കൊല്ലത്തും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ പരിയാരത്ത് വെബ്കാസ്റ്റിങ് തടസ്സപ്പെട്ടിരുന്നു. കണ്ണൂര്‍ വയക്കര പഞ്ചായത്തിലെ യു.ഡി.എഫ് ബൂത്ത് ഏജന്റ് യു.പവിത്രന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു. കണ്ണൂര്‍ എരമംപുത്തൂരിലെ 15 ാം വാര്‍ഡിലെ യു.ഡി.എഫ് ബൂത്ത് ഏജന്റ് മന്‍സൂറിനെ തട്ടിക്കൊണ്ടു പോയതായി പരാതിയുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എല്‍പി സ്‌കൂളിലെ ബൂത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥി രേഷ്മയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. വോട്ടിംഗിന്റെ തുടക്കത്തില്‍ തെക്കന്‍ ജില്ലകളില്‍ മഴ തടസ്സപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പല ഭാഗത്തും മഴ വോട്ടെടുപ്പ് മന്ദഗതിയിലാക്കി.

അവശേഷിക്കുന്ന ഏഴു ജില്ലകളിലെ 1.41 കോടി വോട്ടര്‍മാര്‍ ഈ മാസം അഞ്ചിനു വോട്ടുചെയ്യും. ഏഴിനാണ് എല്ലാ ജില്ലകളിലെയും വോട്ടെണ്ണല്‍. പുതിയ 28 നഗരസഭകളില്‍ 11 ഇടത്തും ഇന്നു വോട്ടെടുപ്പു നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.