
സ്വന്തം ലേഖകൻ: പൊതുസ്ഥലത്ത് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരളാ പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചത്.
പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത കൊടുത്തിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചുവെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നുവെന്നും കുട്ടികളെയും മുതിര്‍ന്നവരെയും പൊതുസ്ഥലത്ത് കൊണ്ടുവന്നാല്‍ പിഴ ഈടാക്കുമെന്നുമായിരുന്നു വാര്‍ത്ത വന്നിരുന്നത്.
പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ് പൊതുസ്ഥലത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇത് ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചുവെന്ന തരത്തിലാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് കേരള പൊലീസ് അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല