1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2022

സ്വന്തം ലേഖകൻ: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. പല സ്ഥലങ്ങളിലും ഹർത്താലനുകൂലികൾ ​ഗതാ​ഗതം തടസ്സപ്പെടുത്തുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.

ണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കല്യാശേരിയിൽ ബോംബുമായി ഒരാളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. ജനൽ ചില്ല് തകർന്നു. ഓഫിസിലെ കിടക്കയ്ക്ക് തീപിടിച്ചു.

സ്കൂട്ടിയിലെത്തിയ രണ്ടുപേരാണ് പെട്രോൾ ബോംബ് എറിഞ്ഞത്. കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിച്ചു കയറ്റി. കോട്ടയം ഈരാറ്റുപേട്ടയിലും സംഘർഷമുണ്ടായി. പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി.

തൃശൂർ ചാവക്കാട് ആംബുലൻസിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകൾ അടിച്ചുതകർത്തു. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തിൽ പരുക്കേറ്റു. ഹോട്ടലിനു മുൻപിൽ നിർത്തിയിട്ട ബൈക്കും അക്രമികൾ തകർത്തു. കോട്ടയം സംക്രാന്തിയിൽ ലോട്ടറി കടയ്ക്കു നേരെയും അക്രമമുണ്ടായി.

വാഹനങ്ങൾക്കു നേരെ കല്ലേറു തുടരുകയാണ്. സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. ലോറികൾക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവർമാർ ഉൾപ്പെടെ പത്തുപേർക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടർന്ന് പല ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ബസുകൾ ഓടുന്നത്.

മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.