1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

സ്വന്തം ലേഖകൻ: വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനായി ഒരുക്കിയിട്ടുള്ളത്. ആധാര്‍ അധിഷ്ഠിതമായാണ് ഈ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയോ mParivahan മൈബൈല്‍ ആപ്പ് വഴിയോ ആണ് ഈ ഒാണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്ന് നേരിട്ടും ഓണ്‍ലൈന്‍ സര്‍വീസ് എന്ന ടാബില്‍ നിന്നും ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് സേവനത്തിന് ആവശ്യമായ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കി ഒ.ടി.പി. ലഭിക്കുന്നതോടെ ഈ നടപടി പൂര്‍ത്തിയാകും.

അതേസമയം, ആധാര്‍ കാര്‍ഡ് ഇല്ലാത്ത ആളുകള്‍ക്ക് ഈ സേവനം ലഭ്യമാകില്ല. ഇത്തരക്കാര്‍ക്ക് മുന്‍രീതി പിന്തുടര്‍ന്ന് ആര്‍.ടി. ഓഫീസുകളില്‍ എത്തി വേണം ഇവ പൂര്‍ത്തിയാക്കാന്‍. ഇതിനായി മേല്‍വിലാസം തെളിയിക്കുന്ന മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. മുമ്പുതന്നെ വാഹനവുമായും ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി വാഹന്‍-സാരഥി പോര്‍ട്ടലുകള്‍ ആരംഭിച്ചിരുന്നു.

ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ, ലേണേഴ്‌സ്/ ഡ്രൈവിങ്ങ് ലൈസന്‍സിലെ പേര്, മേല്‍വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്‌സ് എന്നിവ മാറ്റല്‍, ഡ്യൂപ്ലിക്കറ്റ് ലേണേഴ്‌സ് ലൈസന്‍സ്/ ഡ്രൈവിങ്ങ് ലൈസന്‍സ് അപേക്ഷ, ഡ്രൈവിങ്ങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസന്‍സ് പുതുക്കലുകള്‍, നിലവിലെ ലൈസന്‍സ് പകരം പുതിയത് എടുക്കല്‍, ബാഡ്ജ്, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, കണ്ടക്ടര്‍ ലൈസന്‍സിലെ വിവരങ്ങള്‍ മാറ്റല്‍ എന്നീ സേവനങ്ങളാണ് ലൈസന്‍സുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ ആക്കിയിട്ടുള്ളത്.

വാഹനവുമായി ബന്ധപ്പെട്ട് താത്കാലിക രജിസ്‌ട്രേഷനും സ്ഥിരം രജിസ്‌ട്രേഷനും, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് അടയ്ക്കല്‍, രജിസ്‌ട്രേഷനുള്ള എന്‍.ഒ.സി, ആര്‍.സി. ബുക്കിലെ വിലാസം മാറ്റല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, പുതിയ പെര്‍മിറ്റ്, ഡ്യൂപ്ലിക്കേറ്റ് പെര്‍മിറ്റ് അപേക്ഷ, പെര്‍മിറ്റ് സറണ്ടര്‍, താത്കാലിക പെര്‍മിറ്റ്, ഡ്യുപ്ലിക്കേറ്റ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.