1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകളുടെ നിരക്ക് കുറച്ചു. നേരത്തെ ഉണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഐ.സി.എം.ആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്. മുൻപ് ആർടിപിസിആർ പരിശോധന നിരക്ക് 1500 ആയി കുറച്ചിരുന്നെന്നും എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് 1700 ആക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

അതിനിടെ മേയ് ഒന്നു മുതൽ നാലുവരെ സംസ്ഥാനത്ത് ഒരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണം. രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുതെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ വോട്ടെണ്ണല്‍ സമയത്തും തുടര്‍ന്നുമുള്ള വിജയാഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്.

കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, അസം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് രണ്ടിനാണു നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.