1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2019

സ്വന്തം ലേഖകൻ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്മാരായി. 61.5 പോയിന്റുമായാണ് മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി സ്‌കൂള്‍ രണ്ടാമതെത്തി, 58.5 പോയിന്റ്. എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന നിമിഷവും കാഴ്ചവച്ചത്. സ്‌കൂളുകളില്‍ വിജയിയെ തീരുമാനിച്ചത് ഫോട്ടോ ഫിനിഷിലാണ്.

മാര്‍ ബേസില്‍ സ്‌കൂള്‍ കിരീടം നേടിയെങ്കിലും എറണാകുളത്തിന് പാലക്കാടിനെ മറി കടക്കാനായില്ല. 200 പോയിന്റുമായാണ് പാലക്കാട് ജില്ല ഓവറോള്‍ കിരീടം നേടിയത്. 157 പോയിന്റാണ് എറണാകുളം നേടിയത്.

എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസില്‍ നേടിയത്. കല്ലടി നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും നേടി. അതേസമയം, പുല്ലൂരാംപാറ മൂന്ന് സ്വര്‍ണവും അത്ര തന്നെ വെള്ളിയും 10 വെങ്കലവും നേടി. പാലക്കാടിന് 18 സ്വര്‍ണവും 22 വെള്ളിയും 16 വെങ്കലവുമാണുള്ളത്. എറണാകുളത്തിന് 21 സ്വര്‍ണം കിട്ടിയെങ്കിലും 14 വെള്ളിയും 10 വെങ്കലവും ആയതോടെ പോയിന്റ് കുറഞ്ഞു. കോഴിക്കോടാണ് മൂന്നാമത്. 12സ്വര്‍ണമാണ് കോഴിക്കോട് നേടിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടി പാലക്കാട് അവസാന ദിവസം മുന്നേറ്റമുണ്ടാക്കി. സ്റ്റെഫി കോശിയാണ് സ്വര്‍ണം നേടിയത്. കൂടാതെ വെങ്കലവും പാലക്കാട് തങ്ങളുടേതാക്കി. പോള്‍ വോള്‍ട്ടിലും നേട്ടമുണ്ടാക്കി.

അവസാന ദിനമായ ഇന്ന് 34 ഇനങ്ങളിലാണ് ഫൈനല്‍ നടന്നത്. 4 x 100 മീറ്റര്‍ റിലേയും ഹര്‍ഡില്‍സുമായിരുന്നു പ്രധാന ഇനങ്ങള്‍. നിരവധി റെക്കോര്‍ഡുകളും പിറന്നു. നടത്തത്തില്‍ നന്ദനയും ഹാമര്‍ത്രോയില്‍ ബ്ലെസിയും ദേവസ്യയും റെക്കോര്‍ഡിട്ടു. ചാന്ദിനിയും കെ.പി.സനികയും റിജോയും വാഗ്മയൂവും ഇരട്ട സ്വര്‍ണം നേടി.

ജൂനിയര്‍ ഗേള്‍സ് 1500 മീറ്ററിലാണ് കെ.പി.സനിക സ്വര്‍ണം നേടിയത്. ഇന്നലെ 3000 മീറ്ററിലും സനിക സ്വര്‍ണം നേടിയിരുന്നു. ഇന്നലെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ വാഗ്മയൂവ് ഇന്ന് സബ് ജൂനിയര്‍ ബോയ്‌സ് ലോങ് ജമ്പിലും സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാട് പട്ടഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെ.റിജോ സ്വര്‍ണം നേടി. 3000 മീറ്ററിലും റിജോയ് സ്വര്‍ണം നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.