1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2024

സ്വന്തം ലേഖകൻ: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി അതിരൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദൂരദർശൻ വഴി പ്രദർശിപ്പിച്ച ദ കേരള സ്റ്റോറിയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്. പിന്നാലെ താമരശ്ശേരി, തലശ്ശേരി രൂപതകളും ചിത്രം പ്രദർശിപ്പിക്കാൻ മുന്നോട്ട് വരികയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ ചിത്രത്തിന്റെ പ്രദർശനം രാഷ്ട്രീയമാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

റബ്ബറിന് 300 രൂപ വരെ ലഭിക്കുകയാണെങ്കിൽ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് തലശ്ശേരി രൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരത്തെ തന്നെ പരസ്യമായി പറഞ്ഞിരുന്നു. മണിപ്പുർ വിഷയത്തിലും ആദ്യഘട്ടത്തിൽ കേന്ദ്രത്തിനെതിരേ സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് പല ബിഷപ്പുമാരും പള്ളികള്‍ തകര്‍ക്കപ്പെട്ടതില്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുകയുണ്ടായി.

കേരളാ സ്റ്റോറി വിവാദത്തിൽ വിമർശനവുമായി സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭയിലെ ആദ്യ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.