1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2023

സ്വന്തം ലേഖകൻ: ഏറെ കോളിളക്കം സൃഷ്ടിച്ച ‘പങ്കാളികളെ കൈമാറല്‍’ കേസിലെ പരാതിക്കാരിയുടെ അരുംകൊലയില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സംസ്ഥാനത്തും സജീവമാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് ഞെട്ടലോടെയാണ് കേരളം കേട്ടത്.

കോട്ടയത്തെ യുവതിയാണ് ഭര്‍ത്താവിനെതിരേ അന്ന് പോലീസില്‍ പരാതിപ്പെട്ടത്. അന്നത്തെ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടുകയും റിമാന്‍ഡിലാവുകയും ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് യുവതിയുമായി രമ്യതയിലെത്തുകയും വീണ്ടും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു.

ഇതിനിടെ ഭര്‍ത്താവ് വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ വീണ്ടും നിര്‍ബന്ധിച്ചു. ഇതോടെ ഭര്‍ത്താവുമായി തെറ്റിയ യുവതി സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. തുടര്‍ന്ന് യുവതിയെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിമുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ഭര്‍ത്താവ് യുവതിയെ വെട്ടിക്കൊന്നത്.

യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും സംഭവസമയം ജോലിക്ക് പോയതായിരുന്നു. രണ്ടുമക്കള്‍ വീടിന് സമീപത്ത് കളിക്കാനും പോയി. ഈ സമയത്ത് വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിച്ചു. ഭയന്നോടിയ യുവതി കുളിമുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചെങ്കിലും ഇത് ചവിട്ടിത്തുറന്ന് അകത്തുകയറുകയും കുളിമുറിക്കുള്ളില്‍വെച്ച് വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടേറ്റ യുവതി കുളിമുറിയില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും വീടിന്റെ സിറ്റൗട്ടില്‍ വീണു. പിന്നാലെ ഭര്‍ത്താവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

കുട്ടികള്‍ വിവരമറിയിച്ചതിനുസരിച്ച് അയല്‍ക്കാര്‍ വീട്ടിലെത്തിയപ്പോള്‍ സിറ്റൗട്ടില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിനെ അല്പസമയത്തിന് ശേഷം മറ്റൊരിടത്ത് വിഷംകഴിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ പരാതി ലഭിച്ചതോടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടി. പങ്കാളികളെ കൈമാറുന്ന സംഘത്തില്‍പ്പെട്ട ഒമ്പതു പേര്‍ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണെന്നും സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ ഗ്രൂപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഫെയ്സ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് കേരള, കക്കോള്‍ഡ് കേരള, റിയല്‍ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും.

എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യും. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ പലരും വ്യാജ ഐ.ഡി.കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള 14 സംഘങ്ങള്‍ സജീവമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വീടുകളില്‍ വിരുന്ന് എന്നപേരിലാണ് ദമ്പതിമാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി ഒത്തുചേരുന്നത്. കുട്ടികളുമായാണ് ഇവര്‍ വീടുകളില്‍ എത്തുക. വീടുകള്‍ക്ക് പുറമേ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകള്‍ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാല്‍ ആളുകള്‍ക്ക് സംശയം തോന്നില്ലെന്നതും ഇവര്‍ക്ക് സഹായകരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.