1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2023

സ്വന്തം ലേഖകൻ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ‘കേരളീയം 2023’ ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

“കേരളീയത്തെ ലോക ബ്രാൻഡ് ആക്കും. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റമൂലിയാണ്, ജാതി ഭേദം മതദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളം. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപ്പെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാം.

കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിത്. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിലല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടി,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമാ താരങ്ങളായ കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവരും പരിപാടിയിലെ മുഖ്യ ആകർഷണമായി. വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അധികാര വികേന്ദ്രീകരണത്തിലൂടെ ജനാധിപത്യത്തിൽ ജനകീയ പങ്കാളിത്തമുള്ള കേരള മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് നടൻ കമൽഹാസൻ പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ അഭിനയ യാത്രയിൽ കേരളം പ്രധാന പാഠശാലയായിരുന്നുവെന്നും കേരളം തനിക്ക് ഏറെ പ്രത്യേകതയുള്ള സ്ഥലമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംബന്ധിച്ച് മമ്മൂട്ടി, കേരളത്തിന്റെ ഒരുമയെ എല്ലാവരും മാതൃകയാക്കണമെന്ന് അഭ്യർത്ഥിച്ചു. ജാതി-മതഭേദമന്യെ ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം, മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ സ്വന്തം നാടായ തിരുവനന്തപുരത്തെ കേരളീയത്തിന്റെ വേദിയായി തിരഞ്ഞെടുത്തതിൽ ഏറെ അഭിമാനമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.