
സ്വന്തം ലേഖകൻ: കൊച്ചി- ലണ്ടൻ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളിക്ക് ആകസ്മിക മരണം. ബ്രിട്ടനിലെ നോട്ടിങ്ങാമിനു സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (ജോർജേട്ടൻ-65) ആണ് നാട്ടിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ1- 149 വിമാനത്തിലായിരുന്നു ബ്രിട്ടനിലെ മലയാളികളെയാകെ ദു:ഖത്തിലാഴ്ത്തിയ സംഭവം. ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യ സോഫിയയ്ക്കു മുന്നിലേക്കെത്തിയത് നെഞ്ചകം പിളർക്കുന്ന മരണവാർത്തയായിരുന്നു.
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കൽ പ്രഫഷണൽസിന്റെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയർ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു.
അടിയന്തര മെഡിക്കൽ സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. വിമാനം ലാൻഡുചെയ്തപ്പോഴേക്കും പൊലീസിന്റെയും അംബുലൻസിന്റെയും സഹായം ആവശ്യമുണ്ടെന്നു സന്ദേശമെത്തിയതായാണ് വിവരം. ദിലീപിന്റെ മൃതദേഹം ഇപ്പോഴും ഹീത്രൂ വിമാനത്താവളത്തിൽ തന്നെയാണുള്ളത്.
പൊലീസ് സഹായത്തോടെ തുടർ നടപടികൾ പൂർത്തിയാക്കിയേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകൂ. വിമാനത്തിൽവച്ചുതന്നെ മരണം സംഭവിച്ചതിനാൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായി വരും. വർഷങ്ങൾക്കു മുമ്പേ നോട്ടിങ്ങാമിലെത്തിയ ദിലീപ് ഫ്രാൻസിസ് ജോർജ് (65) അടുപ്പക്കാർക്കെല്ലാം പ്രിയപ്പെട്ട ജോർജ് ചേട്ടനായിരുന്നു.
മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം നിർമല കോളജിലെ പൂർവവിദ്യാർഥിയാണ്. ആദ്യഭാര്യയുടെ മരണശേഷം പാക്കിസ്ഥാൻ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്.
വിമാനത്തിൽനിന്നും ലഭിച്ച സന്ദേശം എയർ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് ഈ ദുരന്തവാർത്ത പുറംലോകം അറിഞ്ഞത്. പല വാട്സാപ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും സന്ദേശങ്ങൾ പ്രചരിച്ചതോടെ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞ് വീടു ലൊക്കേറ്റു ചെയ്യാനായി.
എന്നാൽ അപ്പോഴേയ്ക്കും ഭർത്താവിനെ സ്വീകരിക്കാനായി സോഫിയ എയർപോർട്ടിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേതന്നെ സോഫിയയ്ക്ക് ഭർത്താവ് ഗുരുതരാവസ്ഥയിലാണെന്ന സന്ദേശം ലഭിച്ചു. കൊച്ചിയിൽനിന്നുള്ള യാത്ര ആരംഭിച്ച് രണ്ടു മണിക്കൂറായപ്പോഴേക്കും ദിലീപിന് നെഞ്ചുവേദന അനുഭവപ്പെട്ടതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല