
സ്വന്തം ലേഖകൻ: യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. അക്രമികള്‍ ”ഫ്രീ അമൃത്പാല്‍” എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്‌പ്രേ കൊണ്ട് എഴുതുകയും ചെയ്തു. അക്രമികള്‍ തന്നെയാണ് ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ അതിക്രമം. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വാതിലിലെയും ജനാലയിലെയും ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. അക്രമികളുടെ കൈവശമുണ്ടായിരുന്ന, ഖലിസ്ഥാന്‍ കൊടികെട്ടിയ തടിയുടെ ദണ്ഡുകൊണ്ടായിരുന്നു ആക്രമണം.
കെട്ടിടത്തിന്റെ പ്രവേശനകവാടത്തിന് സമീപത്ത് സ്ഥാപിച്ച ഖലിസ്ഥാന്‍ കൊടികള്‍, കോണ്‍സുലേറ്റിലെ ജീവനക്കാരെന്ന് കരുതുന്ന മൂന്നുപേര്‍ നീക്കം ചെയ്യുന്നത് പുറത്തെത്തിയ വീഡിയോയില്‍ കാണാം. ഇതിനിടെ, മുദ്രാവാക്യം മുഴക്കിക്കൊണ്ട് അപ്പുറത്തുനിന്ന വലിയ ആള്‍ക്കൂട്ടം ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കടക്കുകയായിരുന്നു. വാതില്‍ അടച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് അകത്തേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കൈവശമുണ്ടായിരുന്ന തടിയുടെ ദണ്ഡുകൊണ്ട് വാതിലിലും ജനലിലും ഇടിക്കുകയായിരുന്നു.
അതേസമയം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരേ ഞായറാഴ്ച ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. അക്രമികളെ പിടികൂടാൻ മെട്രോപൊളിറ്റൻ പൊലീസ് ഊർജിത അന്വേഷണം തുടരുകയാണ്. അക്രമികളിൽ ഒരാളെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.50നായിരുന്നു ഖലിസ്ഥാൻ അനുകൂലികളായ ഒരുകൂട്ടം ആളുകൾ ഖലിസ്ഥാൻ പതാകയുമേന്തി ഇന്ത്യൻ ഹൈക്കമ്മിഷനു നേരേ അക്രമം അഴിച്ചുവിട്ടത്. ഹൈക്കമ്മിഷൻ ആസ്ഥാനമായ ഇന്ത്യാ ഹൗസിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക നശിപ്പിച്ച അക്രമികൾ ഹൈക്കമ്മിഷൻ ഓഫിസിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ സാരമായ പരിക്കേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല